Advertisement

സംരംഭക മേഖലക്ക് എ.ഐ കരുത്ത്; ജില്ലാതല ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു

By kcnchannel / October 26, 2026

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്കും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. റാമ്പ് (RAMP) പദ്ധതിയുടെ ഭാഗമായി ‘എ.ഐ ഫോര്‍ എം.എസ്.എം.ഇ’ എന്ന പേരില്‍ പെരിയ രാജ് അരീനയില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു.

എ.ഐ സാങ്കേതികവിദ്യ സംരംഭക മേഖലക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് ജില്ലാ കളക്ടര്‍ സംരംഭകരുമായി സംവദിച്ചു. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു. വിപണനം, ഉപഭോക്തൃ സേവനം, ഓഫീസ് ജോലികള്‍, വിവരവിശകലനം തുടങ്ങിയ മേഖലകളില്‍ എ.ഐ ടൂളുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ പരിശീലനം നല്‍കി. എ.ഐയുടെ സഹായത്തോടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും സംരംഭങ്ങളുടെ ഉല്‍പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും പരിചയപ്പെടുത്തി. ഐ ടെക് ഐ.ടി എഡ്യൂക്കേഷന്‍ സ്ഥാപനത്തിലെ പരിശീലകരാണ് ക്ലാസുകള്‍ നയിച്ചത്. ജില്ലയിലെ 70ഓളം സംരംഭകര്‍ പങ്കെടുത്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മുജീബ് അഹമ്മദ്, എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ കണ്‍വീനര്‍ ശ്യാം പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ അസിസ്റ്റന്റ് വ്യവസായ ഓഫീസര്‍ ശരത് ശശിധരന്‍ സ്വാഗതവും ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ വികസന ഓഫീസര്‍ അഭിന്‍ മോഹന്‍ നന്ദിയും പറഞ്ഞു.