വിമാന പ്രതിസന്ധിയില്‍, ഇന്‍ഡിഗോയുടെ മറുപടികളില്‍ പാര്‍ലമെന്ററി സമിതിക്ക് അതൃപ്തി. പ്രതിസന്ധിക്ക് കാരണം സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയും എന്ന് ഇന്‍ഡിഗോയുടെ വിശദീകരണം. ഇന്‍ഡിഗോ സിഇഒ അടക്കമുളള ഉദ്യോഗസ്ഥരെ വീണ്ടും പാര്‍ലമെന്ററി സമിതി വിളിച്ചുവരുത്തിയേക്കും.
അതേസമയം ഇന്‍ഡിഗോ വിമാനസര്‍വീസ് പ്രതിസന്ധികാരണം ദുരിതത്തിലായ യാത്രക്കാര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതി തള്ളി.
യാത്രക്കാര്‍ക്ക് ടിക്കറ്റുനിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനും ഇന്‍ഡിഗോയ്ക്കും നിര്‍ദേശംനല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമാനവിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതില്‍ കക്ഷിചേരാനും ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡെല എന്നിവരുടെ ബെഞ്ച് ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. കുറെയധികം ഹര്‍ജികള്‍ നല്‍കിയതുകൊണ്ട് എന്താണുകാര്യമെന്നും കോടതി ചോദിച്ചു.




