Saturday, September 21, 2024
Home National ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഹാട്രിക്ക് ലക്ഷ്യമിട്ട് നീരജ് ചോപ്ര ഇന്നിറങ്ങും

ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഹാട്രിക്ക് ലക്ഷ്യമിട്ട് നീരജ് ചോപ്ര ഇന്നിറങ്ങും

by KCN CHANNEL
0 comment

ലൊസെയ്ന്‍: പാരിസ് ഒളിംപിക്‌സിന് ശേഷം നീരജ് ചോപ്ര ഇന്ന് വീണ്ടും കളത്തില്‍. ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചാംപ്യനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാത്രി 12.22നാണ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ മത്സരത്തിന് തുടക്കമാവുക. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. പാരിസ് ഒളിംപിക്‌സില്‍ കൈയകലെ സ്വര്‍ണം നഷ്ടമായതിന്റെ ക്ഷീണം മാറ്റാനും ലൊസെയ്‌നില്‍ ഹാട്രിക്ക് തികക്കാനുമാണ് നീരജ് ചോപ്ര ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നത്.

പാരീസില്‍ പാകിസ്ഥാന്റെ അര്‍ഷദ് നദീമിന് മുന്നില്‍ സ്വര്‍ണം കൈവിട്ട നീരജിന് ലൊസെയ്‌നിലും മത്സരം അനായാസമാകില്ലെന്നാണ് കരുതുന്നത്. അര്‍ഷാദ് നദീം ലൊസെയ്‌നില്‍ മത്സരിക്കാനില്ലെങ്കിലും പാരിസ് ഒളിംപിക്‌സ് ഫൈനലിലില്‍ ആദ്യ ആറിലെത്തിയ അഞ്ച് താരങ്ങളും നിരജിനൊപ്പം ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്. വെങ്കല മെഡല്‍ സ്വന്തമാക്കിയ ഗ്രനേഡയയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്, ചെക്കിന്റെ യാക്കൂബ് വാദ്‌ലെച്ച്, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവര്‍ നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് പാരിസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 90 മീറ്ററെന്ന റെക്കോര്‍ഡിലേക്ക് നീരജ് ജാവലിന്‍ പായിക്കുമോ എന്നാണ് ഇന്ന് രാജ്യം ഉറ്റുനോക്കുന്നത്. അവസാന നിമിഷമാണ് ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ മത്സരിക്കാന്‍ നീരജ് സന്നദ്ധത അറിയച്ചത്. ഇതോടെ സംഘാടകര്‍ മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുതുക്കി.
ഒളിംപക്‌സിനിടെ പരിക്ക് അലട്ടിയ നീരജ് ശസ്ത്രക്രിയക്ക് വിധേയാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകളെങ്കിലും സീസണൊടുവില്‍ മാത്രമെ നീരജ് ശസ്ത്രക്രിയക്ക് വിധേയനാവൂ എന്നാണ് സൂചന. 2022ലും 2023ലും നീരജായിരുന്നു ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ചാംപ്യനായത്. 2023ല്‍ 87.66 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഒന്നാമനായതെങ്കില്‍ 2022ല്‍ 89.08 മീറ്റര്‍ പിന്നിട്ടാണ് നീരജ് വിജയിയായത്

You may also like

Leave a Comment