കാസര്‍കോട്: അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ പ്രമാദമായ കേസിലെ നാല് പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും അടക്കണം. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവന്‍ (40), കെ അജിത് കുമാര്‍ എന്ന അജ്ജു (35), കെ ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (39) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.
2008ല്‍ കാസര്‍കോട് നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നാല് പേരാണ് തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ കൊല്ലപ്പട്ടത്. ഇതിന് ശേഷം മറ്റ് നിരവധി വര്‍ഗീയ കൊലപാതക കേസുകളും കാസര്‍കോട് നടന്നിരുന്നു. ആകെ 11 കേസുകളില്‍ ഒമ്പത് കേസുകളിലെ പ്രതികളെയും കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെറുതെ വിട്ടതിന് പിന്നാലെയാണ് 30 വര്‍ഷത്തിന് ശേഷമാണ് സി എ മുഹമ്മദ് ഹാജി വധക്കേസില്‍ ശിക്ഷ വിധിക്കുന്നത്.