ആകാശദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രമുഖര്‍ നിരവധിയാണ്. 1945-ല്‍ തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണാതായതാണ് പ്രധാനസംഭവങ്ങളിലൊന്ന്. അപകടത്തില്‍ നേതാജി മരിച്ചെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. 1966-ലാണ് ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് ഹോമി ജെ ഭാഭ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വത നിരയില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടത്. വിമാനം പറത്തുന്നതിനിടെ, അപകടത്തില്‍പ്പെട്ട് കോണ്‍ഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിച്ചത് രാജ്യത്തെ ഞെട്ടിച്ചു.
1980 ജൂണ്‍ 23-നായിരുന്നു ഡല്‍ഹി സഫ്ദര്‍ജങിലെ ഫ്‌ളൈയിങെ് ക്ലബിലെ ആ ദുരന്തം. പഞ്ചാബ് ഗവര്‍ണറായിരിക്കെ 1994 ല്‍ ഹിമാചല്‍ പ്രദേശിലുണ്ടായ വിമാന അപകടത്തിലാണ് സുരേന്ദ്രനാഥും ഒമ്പത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. കോണ്‍ഗ്രസിന്റെ ദേശീയ മുഖങ്ങളില്‍ ഒരാളായിരുന്ന മാധവറാവുവിന്റെ ജീവന്‍ കവര്‍ന്നത് കാണ്‍പൂരിലെ വിമനാപകടമാണ്. 2001-ല്‍ രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേയായിരുന്നു അപകടം. ലോക്‌സഭാ സ്പീക്കറായിരുന്ന ജി എം സി ബാലയോഗി ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. 2002 മാര്‍ച്ചിലായിരുന്നു ആന്ധ്രയിലെ കൈകല്ലൂരിലുണ്ടായ അപകടം.
നടിയും ബിജെപി നേതാവുമായ സൗന്ദര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുവിമാനം തകര്‍ന്നാണ് മരിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെയാണ് വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തം. നല്ലമല വനമേഖലയിലൂടെ കടന്നുപോകുമ്പോള്‍ മോശം കാലാവസ്ഥയെതുടര്‍ന്നായിരുന്നു അപകടം. 2011 ഏപ്രില്‍ മുപ്പതിനായിരുന്നു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദോര്‍ജി ഖണ്ഡുവും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
ആകാശദുരന്തത്തിലായിരുന്നു രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂരിലായിരുന്നു ഹെലികോപ്റ്റര്‍ അപകടം. ഇക്കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഞെട്ടിച്ച വിമാനപകടത്തില്‍ മരിച്ച 260 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും ആകാശദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.




