ഒരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചെന്നും സൈനിത വക്താവ് അറിയിച്ചു.
കശ്മീര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; അതിര്‍ത്തിയില്‍ പാക് പ്രകോപനം, ജവാന് വെടിയേറ്റു, തിരിച്ചടിച്ച് സൈന്യം
ഒരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചെന്നും സൈനിത വക്താവ് അറിയിച്ചു.
ദില്ലി: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം. നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഖ്‌നൂര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ഉണ്ടായ വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു.
പ്രകോപനമില്ലാതെയാണ് പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തതെന്നും തുടര്‍ന്ന് ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
2021ല്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയ ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങളില്‍ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരേയൊരു ബിഎസ്എഫ് ജവാന് മാത്രമാണ് ജീവന്‍ നഷ്ടമായത്.
അതേസമയം, 10 വര്‍ഷത്തിനിടെ ആദ്യമായി ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 18നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 25ന് രണ്ടാം ഘട്ടവും ഒക്ടോബര്‍ 1ന് മൂന്നാം ഘട്ടവും നടക്കും. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണല്‍.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യം വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. ബൂത്തുകളുടെയും സ്ഥാനാര്‍ത്ഥികളുടെയും വോട്ടര്‍മാരുടെയും സുരക്ഷ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനായി കേന്ദ്ര സായുധ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ 300 കമ്പനികളെ അധികമായി വിന്യസിച്ചിട്ടുണ്ട്.