ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യവന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ഉടന്‍ മാംസഭക്ഷണം എത്തുമെന്ന് ഈസ്റ്റേണ്‍ റെയില്‍വേ. ചൊവ്വാഴ്ചയാണ് വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷ്യമെനുവില്‍ നോണ്‍ വെജ് ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചത്. ഒരാഴ്ചക്കുള്ളില്‍ നോണ്‍ വെജ് ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു.
ജനുവരി 17നാണ് ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പറിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ഗുവാഹത്തിയിലെ കാമാഖ്യ സ്റ്റേഷനില്‍ നിന്നും ഹൗറയിലേക്കായിരുന്നു ട്രെയിനിന്റെ ആദ്യ യാത്ര. വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യയാത്രയില്‍ അസമീസ് ഭക്ഷണമാണ് നല്‍കിയത്. ഹൗറയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ പശ്ചിമബംഗാളിന്റെ തനത് വിഭവങ്ങളും നല്‍കി.
എന്നാല്‍, ഇരു സംസ്ഥാനങ്ങളിലേയും തനത് മെനുവില്‍നിരവധി നോണ്‍വെജ് ഭക്ഷ്യവസ്തുക്കള്‍ ഉണ്ടായിട്ടും അതൊന്നും മെനുവില്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് കേന്ദ്ര വിഭ്യാഭ്യാസ സഹമന്ത്രി സുകന്ത മജുംദാര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബന്ധപ്പെടുകയും അദ്ദേഹം നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വൈകാതെ വന്ദേഭാരതിന്റെ മെനുവില്‍ എത്തുമെന്ന് അറിയിക്കുകയായിരുന്നു.
പശ്ചിമബംഗാളിലേയും അസമിലേയുംജനങ്ങളിലും ഭൂരിപക്ഷവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരാണ്. വൈകാതെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ നോണ്‍ വെജ് ഭക്ഷണം ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




