മതവും സ്ഥലവും ചോദിച്ചു; കശ്മീരില്‍ നിന്നുള്ള മുസ്ലിം എന്ന് പറഞ്ഞതോടെ 18കാരനെ ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം

മതവും സ്ഥലവും ചോദിച്ചു; കശ്മീരില്‍ നിന്നുള്ള മുസ്ലിം എന്ന് പറഞ്ഞതോടെ 18കാരനെ ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കശ്മീര്‍ സ്വദേശിയായ പതിനെട്ടുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി പരാതി. തബീഷ് അഹമ്മദ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. കശ്മീരി മുസ്ലിമാണെന്ന് ആക്രോശിച്ചാണ് ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ തബീഷിന്റെ കൈ ഒടിഞ്ഞു. തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജനുവരി 28 ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ പ്രദേശത്ത് കശ്മീരി ഷോളുകള്‍ വില്‍ക്കുകയായിരുന്നു തബീഷും ബന്ധുവും. ഇതിനിടെ ചായ കുടിക്കുന്നതിനായി തബീഷും ബന്ധുവും കൂടി സമീപത്തെ കടയില്‍ പോയി. ഈ സമയം കടക്കാരനും കടയില്‍ ഉണ്ടായിരുന്ന ചിലരും തബീഷിന്റെയും ബന്ധുവിന്റെയും മതവും സ്വദേശവും ചോദിച്ചു. കശ്മീരില്‍ നിന്നുള്ളവരാണെന്നും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണെന്നും പറഞ്ഞതോടെ സംഘം തബീഷിനെയും ബന്ധുവിനെയും മര്‍ദിച്ചതായാണ് ആരോപണം. ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും തബീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു.

തബീഷിനെയും ബന്ധുവിനെയും ആദ്യം സമീപത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പരിക്ക് സാരമുള്ളതായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തബീഷിനെ ഡെറാഡൂണിലെ ഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റി. തബീഷിന്റെ തലയ്ക്ക് പതിനൊന്നോളം സ്റ്റിച്ചുണ്ട്.

സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി ജമ്മു കശ്മീര്‍ സ്റ്റുഡന്റസ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് കശ്മീരി യുവാക്കള്‍ക്ക് നേരെയുള്ള ആക്രമണം പതിവാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്.

Scroll to Top