Saturday, September 21, 2024
Home Kerala ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രത്തിന് 11 കോടി ചെലവായെന്ന് സര്‍ക്കാര്‍; ഒരാള്‍ക്ക് 26,000 രൂപ!

ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രത്തിന് 11 കോടി ചെലവായെന്ന് സര്‍ക്കാര്‍; ഒരാള്‍ക്ക് 26,000 രൂപ!

by KCN CHANNEL
0 comment

കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ചെലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ ഒഴുകിയപ്പോഴും വിവിധ ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തുക ചെലവായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രത്തിന് മാത്രം 11 കോടി രൂപ ചെലവായെന്നാണ് പറയുന്നത്.

17 ക്യാമ്പുകളിലായി 4102 ആളുകളാണ് താമസിച്ചിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖയില്‍ തന്നെ പറയുന്നു. 11 കോടി രൂപ വസ്ത്രത്തിന് ചെലവായെന്ന് പറയുമ്പോള്‍, ഒരാള്‍ക്ക് 26,816 രൂപയുടെ വസ്ത്രം വാങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകള്‍ വിശദീകരിച്ചിട്ടുള്ളത്.

ക്യാമ്പില്‍ ഭക്ഷണത്തിനുവേണ്ടി മാത്രം എട്ട് കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ക്യാമ്പിലുള്ള 4,102 പേരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി എട്ട് കോടി ചെലവായെന്നും പറയുന്നു. ക്യാമ്പില്‍ ജനറേറ്റര്‍ സ്ഥാപിച്ച വകയില്‍ ഏഴ് കോടി രൂപയും സര്‍ക്കാര്‍ ചെലവാക്കിയതായി കാണിച്ചിട്ടുണ്ട്.

ദുരിതബാധിത ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ കുടുംബങ്ങളുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് 30 ദിവസം കുടിവെള്ളം നല്‍കുന്നതിന് ഏകദേശം മൂന്ന് കോടി രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

You may also like

Leave a Comment