ഗംഗാവലി പുഴയില്‍ ക്യാമറ ഇറക്കി പരിശോധന
നാവിക സേന നിര്‍ദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചില്‍ നടത്തുക. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് ഈ തെരച്ചില്‍. അര്‍ജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം.
ബെംഗ്‌ളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഉടന്‍ പുനരാരംഭിക്കും. അര്‍ജുനടക്കം മൂന്നുപേരെയാണ് കണ്ടത്തേണ്ടത്. ഇതിനായി ഗംഗാവലി പുഴയില്‍ ഇന്ന് അണ്ടര്‍വാട്ടര്‍ ക്യാമറയിറക്കി പരിശോധന നടത്തും. നാവിക സേന നിര്‍ദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചില്‍ നടത്തുക. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് ഈ തെരച്ചില്‍. അര്‍ജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം.
തങ്ങള്‍ക്കും ഇത് അവസാന പ്രതീക്ഷ, അര്‍ജുന്റെ സഹോദരി
പരിശോധന സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയുമെത്തിയിട്ടുണ്ട്. മൂന്നാം ദൗത്യത്തില്‍ ലോറിയുടെ ക്യാബിന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തങ്ങള്‍ക്കും ഇത് അവസാന പ്രതീക്ഷയാണ്. ഭര്‍ത്താവ് ഇവിടെയുണ്ട്. അര്‍ജുന്‍ അപകടത്തില്‍പ്പെട്ട സ്ഥലം കാണാനാണ് ഞാനും എത്തിയത്. ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങള്‍ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു അറിയിച്ചു.
ഈശ്വര്‍ മാല്‍പെയ്ക്ക് പരിശോധനയ്ക്ക് ജില്ല ഭരണകൂടം അനുമതി നല്‍കി
ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും . പരിശോധനയ്ക്ക് ജില്ല ഭരണകൂടം അനുമതി നല്‍കി. ഈശ്വര്‍ മാല്‍പേ ഉടന്‍ പഴയിലിറങ്ങും. പുഴയിലെ സാഹചര്യം തെരച്ചിലിന് അനുകൂലമെന്ന് ഈശ്വര്‍ മാല്‍പേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നേരത്തെ പുഴയില്‍ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിര്‍ദേശിച്ച മൂന്ന് പ്രധാന പോയന്റുകളിലാകും ഇന്ന് തെരച്ചിലെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയയും ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വിദഗ്ധരുമായി സംസാരിച്ച ശേഷം അന്തിമതീരുമാനമുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.