Saturday, September 21, 2024
Home Kerala നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

by KCN CHANNEL
0 comment

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ശന ഉപാദികളോടെയാണ് ജാമ്യം നല്‍കിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. കേസിന്റെ സാക്ഷി വിസ്താരം ഉള്‍പ്പടെയുള്ള വിചാരണയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കഥകളാണ് എട്ടാംപ്രതി ദിലീപ് മെനയുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിസ്താരം ആവര്‍ത്തിച്ചും ദീര്‍ഘിപ്പിച്ചും തെളിവുകള്‍ക്കെതിരെ കഥകള്‍ മെനയുകയാണ് ദിലീപിന്റെ അഭിഭാഷകന്‍ എന്നുമാണ് സര്‍ക്കാരിന്റെ വാദം. അന്തിമ വാദത്തിനായി മാത്രം ഒരുമാസം വേണ്ടിവരുമെന്നുമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പള്‍സര്‍ സുനിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കെ പരമേശ്വര്‍, അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ട് എന്നിവരും സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും ഹാജരായി.

You may also like

Leave a Comment