Friday, September 20, 2024
Home Kasaragod ഇഴയുന്ന വികസനം; റാണിപുരത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവൃത്തികള്‍ പാതിവഴിയില്‍

ഇഴയുന്ന വികസനം; റാണിപുരത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവൃത്തികള്‍ പാതിവഴിയില്‍

by KCN CHANNEL
0 comment

രാജപുരം: നിര്‍മാണം തുടങ്ങി 4 വര്‍ഷമായിട്ടും റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ എങ്ങുമെത്തിയില്ല. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിട്ടും നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഡിടിപിസി അധികൃതരോ, പഞ്ചായത്ത് അധികൃതരോ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 2021 ഫെബ്രുവരി 21ന് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് 99 ലക്ഷം രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. എന്നാല്‍ വര്‍ഷം 2 കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാത്തതിനാല്‍ നിര്‍മിതി കേന്ദ്രത്തിന് നല്‍കിയ കരാര്‍ റദ്ദ് ചെയ്തു. തുടര്‍ന്ന് എസ്റ്റിമേറ്റും നവീകരണ പ്രവൃത്തികളും പുതുക്കി 96 ലക്ഷത്തിന്റെ രണ്ട് നിര്‍മാണമായി കെല്‍, സില്‍ക് കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കി.കുട്ടികളുടെ പാര്‍ക്ക്, നീന്തല്‍ കുളം, ആയുര്‍വേദ സ്പാ എന്നിവയുടെ നിര്‍മാണം, കോണ്‍ഫറന്‍സ് ഹാള്‍, പവിലിയന്‍, കോട്ടേജ്, ടോയ്ലറ്റ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള ഡിടിപിസി റിസോര്‍ട്ട് നവീകരണം എന്നിവയുടെ നിര്‍മാണമാണ് റാണിപുരത്ത് നടക്കുന്നത്. ഇതില്‍ കുട്ടികളുടെ പാര്‍ക്ക്, ആയുര്‍വേദ സ്പാ, നീന്തല്‍ കുളം നിര്‍മാണം കെല്‍ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

നിലവിലെ കലക്ടര്‍ കെ.ഇമ്പശേഖര്‍ ചുമതല ഏറ്റെടുത്ത ശേഷം ഫെബ്രുവരി 16ന് റാണിപുരം സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും വികസനം പാതിവഴിയില്‍ പോലും എത്തിയിട്ടില്ല. റിസോര്‍ട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി 2 മുറികള്‍ ഉള്ള 2 കോട്ടേജുകള്‍, പ്രധാന കെട്ടിടത്തില്‍ 8 മുറികള്‍, ഒരു കോണ്‍ഫറന്‍സ് ഹാള്‍, ഒരു പവിലിയന്‍ എന്നിവയാണ് ഉള്ളത്. ഇതില്‍ പവിലിയന്‍, കോട്ടേജ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.;അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷമായി റിസോര്‍ട്ട് അടച്ചിട്ട നിലയിലാണ്. നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ജോലിക്കാരെ വയ്ക്കാതെ മന്ദഗതിയിലാണ്. മലമുകളിലേക്കുള്ള ട്രെക്കിങ്ങാണ് റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. റാണിപുരത്ത് എത്തുന്ന മലമുകളിലേക്ക് ട്രെക്കിങ് നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വിനോദത്തിനായി മറ്റു ഉപാധികള്‍ റാണിപുരത്ത് നിലവിലില്ല. ഇതിനുള്ള പരിഹാരമാണ് റിസോര്‍ട്ട് വികസനത്തിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

You may also like

Leave a Comment