നാഹി, പോള്‍ എന്നിവരെയാണ് തൈക്കൂടത്തെയും മറൈന്‍ ഡ്രൈവിലെയും ഫ്‌ലാറ്റുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് തന്നെയെന്ന് വ്യക്തമായി. സിദ്ദിഖിന്റെ കേസ് അന്വേഷിക്കുന്ന എസ്‌ഐടിയാണ് സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഷഹീന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
നാഹി, പോള്‍ എന്നിവരെയാണ് തൈക്കൂടത്തെയും മറൈന്‍ ഡ്രൈവിലെയും ഫ്‌ലാറ്റുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോസ്റ്റല്‍ എസ്.പിയുടെ ഓഫീസിലെത്തിച്ച് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ മൊഴിയെടുക്കാനാണ് കൊണ്ടുവന്നതെന്നും നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചെന്നും എസ്‌ഐടി വ്യക്തമാക്കി.
അതിനിടെ രണ്ട് യുവാക്കളെയും കാണാനില്ലെന്ന് കാട്ടി ഇവരുടെ കുടുംബങ്ങള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു കമ്മീഷണര്‍ പറഞ്ഞത്. ഇതോടെ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കാന്‍ കുടുംബം നീക്കം നടത്തുമ്പോഴാണ് എസ്‌ഐടി യുവാക്കളെ വിട്ടയക്കുകയാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്.
സിദ്ദിഖിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ തന്നെ വിവിധ ഇടങ്ങളിലായാണ് നടന്‍ ഒളിവില്‍ കഴിയുന്നത്. സുപ്രീം കോടതിയില്‍ സിദ്ദിഖിന് ഹര്‍ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാകും പരിഗണിക്കുക. സിദ്ദിഖ് ഇടയ്ക്കിടെ ഫോണ്‍ ഓണ്‍ ചെയ്ത് പൊലീസിന്റെ നിരീക്ഷണത്തിലെന്ന് സൂചന നല്‍കിയിരുന്നു. കുറച്ചധികം ദിവസം ഒളിവില്‍ കഴിയാനുള്ള പണം ബാങ്കില്‍ നിന്ന് നടന്‍ നേരത്തെ പിന്‍വലിച്ചിരുന്നതായാണ് വിവരം. മറ്റ് സംസ്ഥാനങ്ങളിലെ പത്രമാധ്യമങ്ങളിലടക്കം നടന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയെങ്കിലും നടനെ നിരീക്ഷിക്കുന്നതിലപ്പുറം അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിര്‍ദ്ദേശം.