കൊല്ലം: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഓര്‍മ്മയ്ക്കായി കട തുറന്ന് കൊല്ലം സ്വദേശി ബദറുദ്ദീന്‍. കൊല്ലം പള്ളിമുക്ക് സ്വദേശി ബദറുദ്ദീനാണ് തന്റെ കടയ്ക്ക് തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കട തുറന്നത്. അര്‍ജുന്‍ സ്റ്റോര്‍സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കട അര്‍ജുന്റെ ഓര്‍മ്മയ്ക്കായി തുറന്നതാണെന്ന് ബദറുദ്ദീന്‍ പറയുന്നു. അര്‍ജുന്റെ പേരിനും ചിത്രത്തിനുമൊപ്പവും മനാഫിന്റെ ചിത്രവും കടയ്ക്കുമുന്നില്‍ വെച്ചിട്ടുണ്ട്.
ആ 72 ദിവസങ്ങളില്‍ ഏറ്റവും മാനസികമായി വേദനയനുഭവിച്ചിരുന്നുവെന്ന് ബദറുദ്ദീന്‍ പറയുന്നു. അര്‍ജുനെ കണ്ടെത്തുന്നത് വരെ, ജീവനറ്റ ശരീരമാണെങ്കിലും തിരികെ കിട്ടുന്നത് വരെ ഞാനും കുടുംബവും വളരെ വിഷമത്തിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നു. അങ്ങനെയാണ് മകന്റെ കടയായിരുന്ന ഇതിന് അര്‍ജുന്‍ സ്റ്റോര്‍സ് എന്ന് പേരിടുന്നത്. നേരത്തെ ഇത് മൊബൈല്‍ ഷോപ്പായിരുന്നു. മകന്‍ ?ഗള്‍ഫില്‍ പോയതോടെ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും ബദറുദ്ദീന്‍ പറയുന്നു.
അര്‍ജുന്‍ എന്ന പേരിട്ടത് ഒരിയ്ക്കലും ലാഭ പ്രതീക്ഷയുടെ പുറത്തല്ല. മനസ്സാക്ഷിയുടെ അടിസ്ഥാനത്തിലാണ്. മനുഷ്യനെ മനുഷ്യനായി കാണുന്നവര്‍ ഇപ്പോഴുമുണ്ട്. അത് നശിച്ചുപോയിട്ടില്ല. അവിടെ നിന്ന് മറ്റെല്ലാവരും പോയിട്ടും മനാഫ് അവിടെ നിലയുറപ്പിച്ചു. ആ ദൃഢ നിശ്ചയത്തിലാണ് അര്‍ജുനെ കണ്ടെത്തിയത്. രണ്ടുപേരെയും ഓര്‍മ്മയില്‍ ഉണ്ടാവുന്നതിനാണ് ഇങ്ങനെ പേരിട്ടത്. എന്റെ മരണം വരെ ഇങ്ങനെ തുടരും. മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും ബദറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. 4 ദിവസത്തിന് ശേഷം ജൂലൈ 19ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അര്‍ജുനെ കാണാതായെന്ന വാര്‍ത്ത ആദ്യമായി പുറത്ത് വന്നത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ആദ്യ ഘട്ടത്തില്‍ നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും വെളളമുയര്‍ന്നതിനാല്‍ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയില്‍ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെരച്ചില്‍ നിര്‍ത്തി വെച്ചു. പിന്നീട് ഗോവയില്‍ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അര്‍ജുന്‍ മിഷന്‍ പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയില്‍ മൃതദേഹഭാഗവുമുണ്ടായിരുന്നു.