41
കുമ്പള: ഇന്നലെ വൈകുന്നേരത്തോടെ മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട കുമ്പള കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ ഫാത്തിമയുടെ മകൻ അർഷാദിന് (19)ന്റെ മൃതദേഹം ആരിക്കാടി കടവത്ത് തീരത്ത് നിന്ന് ലഭിച്ചു.
ഇന്ന് പുലർച്ച വരെ നാട്ടുകാർ ഉറക്കമൊഴിച്ച് കടലോരത്ത് കാത്തു നിൽക്കുകയായിരുന്നു. മത്സ്യബന്ധനത്തിനു ഉപയോഗിക്കുന്ന തോണികൾ ഉപയോഗിച്ച് പുലർച്ച വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസ്സമായിരുന്നു. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി തോണികളിൽ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അർഷാദ്. നല്ലൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു. ഏക സഹോദരി അർഷാനയുടെ വിവാഹം 10 ദിവസം മുമ്പാണ് നടന്നത്. പരേതനായ മുഹമ്മദ് മംഗളൂരുവാണ് അർഷാദിന്റെ പിതാവ്.