Thursday, November 21, 2024
Home Kerala പാലക്കാട് സ്ഥാനാര്‍ത്ഥിത്വം: ‘തോല്‍ക്കുക മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധി’, അതൃപ്തി പരസ്യമാക്കി സരിന്‍

പാലക്കാട് സ്ഥാനാര്‍ത്ഥിത്വം: ‘തോല്‍ക്കുക മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധി’, അതൃപ്തി പരസ്യമാക്കി സരിന്‍

by KCN CHANNEL
0 comment

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് സരിന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയിരുന്നു പി സരിന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുനപരിശോധന വേണമെന്ന് എ.ഐ സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്.

ഇല്ലങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പ്രവര്‍ത്തകര്‍ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിന്‍ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിന്‍ വ്യക്തമാക്കി. ലെഫ്റ്റ് അടിക്കുന്ന സ്വഭാമുള്ള ആളല്ല താനെന്നും സരിന്‍ വിശദമാക്കി. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിന്‍ കുറ്റപ്പെടുത്തി. എല്ലാവരും ചേര്‍ന്നെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും സരിന്‍ വിശദമാക്കി.

You may also like

Leave a Comment