കെഎസ്ആര്‍ടിസിക്ക് അധിക സഹായം 10കോടി; രണ്ട് ഗഡു ഡിഎ/ഡിആര്‍ അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ രണ്ട് ഗഡു ഡിഎ/ഡിആര്‍ അനുവദിച്ചു. ഏഴു ശതമാനം വര്‍ധനയോടെയാണ് ഇവ ലഭിക്കുക. ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ആശ്വാസമായാണ് ഡിഎ(ക്ഷാമബത്ത), ഡിആര്‍(ക്ഷാമാശ്വാസം) എന്നിവ അനുവദിച്ചിരിക്കുന്നത്.
ഇതിനായി പത്തുകോടി രൂപ അധിക സഹായമായി കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട് ഗഡു ഡി.എ, ഡി.ആര്‍ അനുവദിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,574കോടി രൂപയോളമാണ് സര്‍ക്കാര്‍ സഹായമായി കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ഇതില്‍ 1439കോടി പ്രത്യേക സഹായം, 135കോടി പുതിയ ബസുകള്‍ വാങ്ങുന്നതടക്കമുള്ള മൂലധന ചെലവുകള്‍ക്കുമായിരുന്നു.




