കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ല; നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രഖ്യാപനം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ല; നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രഖ്യാപനം

ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഒരു തിരക്കുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്.

‘തീരുമാനങ്ങള്‍ നാളെ പ്രഖ്യാപിക്കും. ഒരു തിരക്കുമില്ല. കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ്.

ദേശീയ നേതാക്കളുടെ സമയം, മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമീകരണം, മിശ്രയുടെ ചികിത്സ എന്നിവ നോക്കിയാണ് പ്രഖ്യാപനം. നാളെ രാഷ്ട്രീയ കാര്യ സമിതി കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. പട്ടികയില്‍ എത്ര പേര്‍ ഉണ്ടാകുമെന്നതെല്ലാം നാളെ പറയും. കേരളത്തില്‍ എല്ലായിടത്തും സിപിഐഎം ആഭ്യന്തര പ്രശ്‌നം നേരിടുകയാണ്.

കെ സുധാകരന്റെ കാര്യം ഹൈകമാന്‍ഡ് തീരുമാനിക്കും’, സണ്ണി ജോസഫ് പറഞ്ഞു.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം.

പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തും. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നേതൃയോഗം എഐസിസി ആസ്ഥാനത്ത് തുടരുകയാണ്.

എംപിമാര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളിലെ പ്രഖ്യാപനവും വൈകിയേക്കും. കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളില്‍ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാന്‍ഡാണ് എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

അത്തരത്തില്‍ ഒരു തീരുമാനം വരുന്നതുവരെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. എന്നാല്‍ മത്സരിക്കാനുള്ള നീക്കത്തിലാണ് എംപിമാര്‍ എന്നാണ് വിവരം. കേരള ഹൗസില്‍ നിന്ന് അടൂര്‍ പ്രകാശ് നോണ്‍ലയബിലിറ്റി സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നായിരുന്നു വ്വരം. 32 സ്ഥാനാര്‍ത്ഥികളെ ഇന്നും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കുമെന്നായിരുന്നു പുറത്തുവന്ന സൂചനകള്‍.

Scroll to Top