നിരവധി കേസുകളിലെ പ്രതിയും, റൗഡി ഷീറ്ററുമായ ആരിഫ് ഹുസൈനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മഞ്ചേശ്വരം: ഉള്ളാള്‍ തൊക്കോട്ട് ഫ്‌ലൈഓവറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ റൗഡിഷീറ്ററെ ഒരു സംഘം മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്തി. ഉച്ചില മുള്ളുഗുഡ്ഡെ സ്വദേശി ആരിഫ് ഹുസൈന്‍ (42) ആണ് കൊല്ലപ്പെട്ടത്. മംഗളൂരു ബന്ദര്‍ പോലീസ് സ്റ്റേഷനിലെ റൗഡിഷീറ്റര്‍ പട്ടികയിലുള്ള ഇയാള്‍ ‘ടാബ്ലെറ്റ് ആരിഫ്’ എന്നാണ് അറിയപ്പെടുന്നത്.
?മത്സ്യവ്യാപാരം നടത്തിവരികയായിരുന്ന ആരിഫ്, വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ഓടെ തന്റെ ബുള്ളറ്റ് ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു. തൊക്കോട്ട് ഓവര്‍ബ്രിഡ്ജില്‍ എത്തിയപ്പോള്‍ കാറിലെത്തിയ അക്രമിസംഘം ആരിഫിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി വെട്ടുകയുമായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആരിഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
മുന്‍പത്തെ ആക്രമണം: 2022 മെയ് മാസത്തില്‍ ആരിഫിന് നേരെ സമാനമായ രീതിയില്‍ കൊലപാതകശ്രമം നടന്നിരുന്നു. അന്ന് ബജാല്‍ സ്വദേശിയായ തൊപ്പി നൗഫലും സംഘവും ആരിഫിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
പശ്ചാത്തലം: നേരത്തെ കുദ്രോളിയില്‍ താമസിച്ചിരുന്ന ആരിഫ്, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുടുംബസമേതം അജ്ജിനടുക്കയ്ക്ക് സമീപമുള്ള മുള്ളുഗുഡ്ഡെയിലാണ് താമസം.
സംഭവസ്ഥലം ഡിസിപി മിഥുന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി പോലീസ് വലവിരിച്ചു കഴിഞ്ഞു.




