പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടന്നു

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങള്‍. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകള്‍ ആണ് ഹോര്‍മുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകള്‍ നീങ്ങുന്നത്.ഇന്ത്യന്‍ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താന്‍ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ ഉള്ളത്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. എല്‍പിജി ഇറക്കുമതി നേരിടുന്ന പ്രതിസന്ധിയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ദോഷം ചെയ്യും. പണപ്പെരുപ്പം, ചരക്ക് കൈമാറ്റം, ഊര്‍ജ വിതരണം എന്നിവ കേന്ദ്രീകരിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉണ്ടാകാന്‍ പോകുന്ന ആഘാതങ്ങള്‍ വിലയിരുത്തി അത് മറികടക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് തുടങ്ങിയിട്ടുണ്ട്.

1.7 ലക്ഷം മെട്രിക് ടണ്‍ LPG യുമായി ഇന്ത്യയുടെ അഞ്ച് കപ്പലുകള്‍ ഹോര്‍മുസ് കടക്കാന്‍ റാസ് അല്‍ ഖൈമയ്ക്ക് സമീപത്ത് നങ്കൂരമിട്ടിരിക്കുന്നു. സാമ്പത്തിക വ്യാപാര സ്ഥിരത നിലനിര്‍ത്തുക ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുക പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് പ്രധാനമന്ത്രി ഓരോ സംസ്ഥാനങ്ങള്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ പശ്ചിമേഷയിലേക്കുള്ള വിമാന സര്‍വീസുകളില്‍ പൈലറ്റ്മാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തി. കമ്പനികള്‍ അപകടം വിളിച്ചു വരുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിസിഎയ്ക്ക് സംഘടന കത്ത് എഴുതിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ അപകട സാധ്യത വിലയിരുത്തല്‍ വേണമെന്നാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ പറയുന്നത്.

Scroll to Top