അതിരപ്പള്ളി വെറ്റിലപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ പുലി കുടുക്കില്‍പ്പെട്ടു

തൃശൂര്‍: വെറ്റിലപ്പാറയില്‍ പുലി കുടുക്കില്‍പ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച തടിവേലിയിലാണു പുള്ളിപ്പുലി കുടുങ്ങിയത്. വനപാലകര്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും പുലി ആരെയും സമീപത്തേക്ക് അടുപ്പിക്കുന്നില്ല. ബുധനാഴ്ച രാവിലെ ആറോടെയാണ് പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടത്.

മലയോടു ചേര്‍ന്നുള്ള രണ്ടാമത്തെ പറമ്പിലാണ് പുലി കുടുങ്ങിക്കിടക്കുന്നത്. വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ആദ്യത്തെ പറമ്പില്‍ സ്ഥാപിച്ച തടിവേലിയില്‍ പുലി കുടുങ്ങുകയായിരുന്നു. തടിവേലിയും വലിച്ചു മുന്നോട്ടുനീങ്ങിയ പുലി, പാറക്കേല്‍ ബിനോയിയുടെ റബ്ബര്‍തോട്ടത്തിലാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍പ്പെട്ടുപോയ പുലി പ്രാണരക്ഷാര്‍ഥം പരിസരത്തെല്ലാം ആക്രമങ്ങള്‍ കാണിച്ചു. വേലിക്കുടുക്കുമായി പുലി നീങ്ങിയ പാടുകള്‍ തോട്ടത്തില്‍ കാണാം.
റബ്ബര്‍ മരങ്ങളുടെ ഏഴ് അടി ഉയരത്തില്‍ വരെ പുലി മാന്തിയ പാടുകളുണ്ട്. ഈ പാടില്‍നിന്നു റബ്ബര്‍ പാല്‍ ഒഴുകുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ഫോറസ്റ്റ്, പൊലീസ് സംഘം സ്ഥലത്തെത്തി. നാട്ടുകാരെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. ഇപ്പോള്‍ ശൗര്യം ശമിച്ച പുലി മയങ്ങിക്കിടക്കുകയാണ്. ഡിഎഫ്ഒ എത്തിയാലുടന്‍ മയക്കുവെടി വച്ച് പുലിയെ പിടികൂടാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

KCN

more recommended stories