സംസ്ഥാനത്ത് ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കുന്നു. റോഡുകളിലെ സുരക്ഷ കര്‍ശനമായി നടപ്പിലാക്കുന്നതിനു നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. വിപണിയിലെത്തുന്നത് ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ മാത്രമാണെന്ന് ഉറപ്പാക്കണമെന്നും വ്യാജ മുദ്രകള്‍ പതിച്ചതും ഗുണമേന്‍മയില്ലാത്തതുമായ ഹെല്‍മറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെയില്‍ ടാക്സ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്കു ഗതാഗത വകുപ്പ് സെക്രട്ടറി കത്തു നല്‍കി.നിയമലംഘനം നടത്തുന്നവരില്‍നിന്നു പിഴ ഈടാക്കാനാണു തീരുമാനം. ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിക്കുകയാണെന്നു ഗതാഗതവകുപ്പ് സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഐഎസ്ഐ മുദ്രകള്‍ കൃത്യമാണോയെന്നു രേഖകള്‍ പരിശോധിച്ചു കണ്ടെത്തണമെന്നും ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഗുണമേന്‍മയുള്ള ഹെല്‍മറ്റ് ഒപ്പം നല്‍കണമെന്ന നിര്‍ദേശം ഗുണം ചെയ്തിട്ടുണ്ട്. പുതിയ തീരുമാനത്തിലൂടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത വകുപ്പ് അധികൃതര്‍് പറഞ്ഞു.

KCN

more recommended stories