കാസര്‍കോട് സദാചാര ഗുണ്ടാ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

കാസര്‍കോട്: സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആദൂര്‍ കൊയക്കുഡ്‌ലുവിലെ മരംവെട്ടുകാരനായ എ.കെ. ലക്ഷ്മണയാണ് (43) മരിച്ചത്. അഡൂര്‍ പാണ്ടിയിലെ മനോജ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. സെപ്റ്റംബര്‍ 12ന് രാവിലെയാണ് ലക്ഷ്മണയെ ആദൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പൊലീസ് സഹായത്തോടെ ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സക്കിടെയാണ് കഴിഞ്ഞദിവസം അന്ത്യമുണ്ടായത്. അഡൂര്‍ പാണ്ടിയിലെ ഒരു വീട്ടിലെത്തിയതിനെ ചോദ്യംചെയ്ത് രണ്ടംഗസംഘമാണ് ലക്ഷ്മണയെ മര്‍ദിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മര്‍ദനമേറ്റ് രണ്ടുദിവസം കഴിഞ്ഞാണ് ഇയാളെ കിലോമീറ്റര്‍ അകലെയുള്ള ആദൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്യാസന്നനിലയില്‍ കണ്ടത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇയാളുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ലക്ഷ്മണയുടെ പരാതിപ്രകാരം നേരത്തെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്.

KCN

more recommended stories