ടാപ്പിംഗ് തൊഴിലാളികളെ അക്രമിച്ച മൂന്നംഗസംഘം സ്‌കൂട്ടര്‍ തട്ടിയെടുത്തു

മുള്ളേരിയ:ടാപ്പിംഗ് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മൂന്നംഗസംഘം തട്ടിയെടുത്തു. സ്‌കൂട്ടര്‍ യാത്രക്കാരുടെ പണവും മൊബൈല്‍ഫോണും സംഘം അപഹരിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെ ബള്ളൂര്‍ കൊളത്തിലപാറയിലാണ് സംഭവം. സ്‌കൂട്ടര്‍ ഇന്നു രാവിലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അക്രമത്തില്‍ മൂന്നുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ഇടുക്കി സ്വദേശികളും ബള്ളൂര്‍, കൊളത്തിലപാറയില്‍ ടാപ്പിംഗ് തൊഴിലാളികളുമായ സാജന്‍ ജോസ്(39), ഷാജുജോസ്(42) എന്നിവരാണ് അക്രമത്തിനിരയായത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സ്‌കൂട്ടറില്‍ പള്ളപ്പാടിയിലെത്തി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി താമസസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടയിലാണ് അക്രമം. ബൈക്കിലെത്തിയ മൂന്നുപേര്‍ തടഞ്ഞു നിര്‍ത്തുകയും മദ്യം വേണോയെന്നു ചോദിക്കുകയും മദ്യപിക്കാറില്ലെന്നു പറഞ്ഞപ്പോള്‍ അക്രമിക്കുകയുമായിരുന്നുവെന്നു പരിക്കേറ്റവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 1200 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയ സംഘം സ്‌കൂട്ടര്‍ തട്ടിയെടുത്തു സ്ഥലം വിടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. അക്രമികള്‍ പോയതിനു ശേഷം യുവാക്കള്‍ നേരിട്ട് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി പറഞ്ഞത്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി ആദൂര്‍ പൊലീസ് അറിയിച്ചു. ടാപ്പിംഗ് തൊഴിലാളികളില്‍ നിന്നു തട്ടിയെടുത്ത സ്‌കൂട്ടര്‍ ഇന്നു രാവിലെ മൈന്തന്‍പാറയിലെ ഒരു വീട്ടിനു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അക്രമത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും പ്രതികളില്‍ ഒരാള്‍ മുങ്ങിയതായും പൊലീസ് പറഞ്ഞു.

KCN

more recommended stories