ഗോധ്ര ട്രെയിന്‍ കത്തിക്കല്‍: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന് തുടക്കിട്ട 2002ലെ ഗോദ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു. കൊല്ലപ്പെട്ട 59 പേരുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിക്കെതിരെ വധശിക്ഷ ലഭിച്ച പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. വിധി പറയുന്നതിനിടെ ഗുജറാത്ത് സര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും നേരിടേണ്ടിവന്നു. ക്രമസമാധാനം പാലിക്കുന്നതില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ പരാമര്‍ശം. 2002 ഫെബ്രുവരി 27നുണ്ടായ ദുരന്തത്തില്‍ കര്‍സേവകര്‍ അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേരുടെ മരണത്തിലേക്ക് നയിച്ച ഗുജറാത്ത കലാപത്തിലേക്ക് നയിച്ചത് ഈ സംഭവമായിരുന്നു. ഗോധ്ര പ്രത്യേക കോടതി 2011ല്‍ 31 പേരെയാണ് ശിക്ഷിച്ചത്. 63 പേരെ വെറുതെവിട്ടിരുന്നു. ഇതും അഹമ്മദാബാദ് ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.

KCN

more recommended stories