നീലേശ്വരത്ത് ആഘോഷമാക്കി വിഎസ് ഓട്ടോസ്റ്റാന്റ്

നീലേശ്വരം: 94-ാം പിറന്നാള്‍ വേളയിലും വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിക്ക് ഇന്നും പതിവ് ദിനംപോലെ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായ നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്തെ വി എസ് ഓട്ടോസ്റ്റാന്റിലെ സിഐടിയു തൊഴിലാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ പിറന്നാള്‍ ആഘോഷമാക്കി കൊണ്ടാടി. പുലര്‍ച്ചെ തന്നെ എഴുന്നേറ്റ വി എസ് പതിവുപോലെ അരമണിക്കൂര്‍ നടത്തം കഴിഞ്ഞെത്തി പത്രപാരായണത്തില്‍ മുഴുകി. പിന്നീട് വിസ്തരിച്ചൊരു കുളി. അതുകഴിഞ്ഞ് അരമണിക്കൂര്‍ യോഗ. പത്ത് ആസനങ്ങള്‍ ചെയ്തശേഷം അല്‍പ്പനേരം ഇളവെയില്‍ കൊണ്ടു. പിന്നീട് ലഘുവായൊരു പ്രാതല്‍. പിന്നീട് പതിവുപോലെ തന്റെ ഔദ്യോഗിക തിരക്കുകളിലേക്ക് മുഴുകി.

എന്നാല്‍ വി എസ് ഓട്ടോ സ്റ്റാന്റിലെ ആരാധകര്‍ക്ക് അതുകൊണ്ട് മാത്രം തൃപ്തിയായില്ല. ഇന്ന് ബസ് സ്റ്റാന്റിലെത്തിയ മുഴുവന്‍ യാത്രക്കാര്‍ക്കും മധുരപലഹാരങ്ങള്‍ നല്‍കി. ഓട്ടോസ്റ്റാന്റ് അലങ്കരിച്ചു. വി എസിന്റെ പുത്തന്‍ പൂര്‍ണകായ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് ആശംസകളും അര്‍പ്പിച്ചു. ഇത് ഇവര്‍ക്ക് വര്‍ഷങ്ങളായുള്ള മുടക്കമില്ലാത്ത ആഘോഷങ്ങളാണ്. പാര്‍ട്ടി പല തവണ വിലക്കിയിട്ടും കേരളത്തിന്റെ വിപ്ലവനായകന്റെ കടുത്ത ആരാധകര്‍ അതിനൊന്നും ചെവികൊണ്ടില്ല. ഓട്ടോസ്റ്റാന്റിലൊരുക്കിയ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് സിഐടിയു പ്രവര്‍ത്തകരായ ബൈജു, പ്രകാശന്‍ കാര്യങ്കോട്, രാജന്‍ പുതുക്കൈ, മധു ബങ്കളം, കൃഷ്ണന്‍ പുതുക്കൈ, ഹരീഷ് കരുവാച്ചേരി, പ്രദീഷ് പാലായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പലതവണ സിഐടിയു നേതൃത്വം ആവശ്യപ്പെട്ടിട്ടും യൂണിറ്റ് സമ്മേളനം നടക്കാത്ത സാഹചര്യത്തിലാണ് ഇക്കുറി വി എസിന്റെ ജന്മദിനം സിഐടിയു പ്രവര്‍ത്തര്‍ ആഘോഷമായി നടത്തിയത്. സിഐടിയു ഏരിയാ നേതൃത്വം മൂന്നു തവണ നേരിട്ട് സമ്മേളനം വിളിച്ചുചേര്‍ത്തിട്ടും ഒരാള്‍ പോലുംപങ്കെടുക്കാന്‍ തയ്യാറായില്ല.
വി എസിന്റെ അനുയായികള്‍ എന്ന ഒറ്റ കാരണം കൊണ്ട് ഔദ്യോഗിക നേതൃത്വം പുലര്‍ത്തുന്ന ശത്രുതാ നിലപാട് കാരണമാണ് ഇവര്‍ യൂണിറ്റ് സമ്മേളനം ബഹിഷ്‌കരിക്കുന്നത്. സിഐടിയു പരിപാടികളില്‍ പങ്കെടുക്കില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നാണ് ഇവരുടെ നിലപാട്.

KCN

more recommended stories