ഐ.എസ് ബന്ധമെന്ന് സംശയം: കണ്ണൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: തീവ്രവാദസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ കണ്ണൂര്‍ വളപട്ടണത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിവരാണ് പിടിയിലായത്. ഇവരെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിതലജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യു.എ.പി.എ 38, 39 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ഐ.എസില്‍ പരിശീലനം നേടിയ ശേഷം സിറിയയിലേക്കുള്ള യാത്രാമധ്യേ തുര്‍ക്കിയല്‍ വെച്ച് പൊലീസ് തിരിച്ചയച്ചവരാണ് അറസ്റ്റിലായത്. ഇസ്താംബൂളില്‍ മൂന്ന് മാസം താമസിച്ച ശേഷമാണ് ഇവര്‍ സിറിയയിലേക്ക് പോയത്. തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തുര്‍ക്കി പൊലീസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
തുര്‍ക്കിയില്‍ നിന്ന് നാല് മാസം മുന്‍പാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നേരത്തെ രണ്ടുമൂന്ന് തവണ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

KCN

more recommended stories