ദീന്‍ ദയാല്‍ ഉപാധ്യായ ആഘോഷത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം സ്‌കൂളുകളിലേക്ക് അയച്ച സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കുലറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി സംബന്ധിച്ച് എം.എച്ച്.ആര്‍.ഡി നിര്‍ദേശം താഴേക്ക് നല്‍കിയതല്ലാതെ ആഘോഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയോ നിര്‍ദ്ദേശം നല്‍കുകയോ ചെയ്തിട്ടില്ല. സര്‍ക്കുലറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. ആഘോഷവും നടന്നിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കുലര്‍ അയക്കാനിടയായ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

KCN

more recommended stories