ജില്ലാപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജീവന്‍ബാബു .കെ

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വികസനം ലക്ഷ്യമിട്ട് 15 വര്‍ഷത്തെ വിശദമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുളള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപദ്ധതി ഉപസമിതി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരുടെയും ജോയിന്റ് കണ്‍വീനര്‍മാരുടെയും യോഗത്തിലാണ് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ ഉപസമിതികള്‍ യോഗം ചേര്‍ന്നു. സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍, ഫോക്കസ് ഗ്രൂപ്പുകള്‍ എന്നിവരുമായും ചര്‍ച്ച നടത്തി. ഈ മാസം 22 ന് ശേഷം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പദ്ധതിയുടെ കരട് രൂപം ചര്‍ച്ചകള്‍ക്കായി കൈമാറുന്നതിന് യോഗം തീരുമാനിച്ചു.

ജില്ലാ പദ്ധതിക്ക് വേണ്ടി രൂപം നല്‍കിയ 19 ഉപസമിതികളുടെയും അധ്യക്ഷന്മാര്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളാണ്. ബന്ധപ്പെട്ട മേഖലകളിലെ ജില്ലാതല ഉദ്യോഗസ്ഥന്മാരാണ് കണ്‍വീനര്‍മാരും ജോയിന്റ് കണ്‍വീനര്‍മാരുമായി പ്രവര്‍ത്തിക്കുന്നത്. ഉപസമിതിയില്‍ പൊതുരംഗത്ത് നിന്നുളള അംഗങ്ങളിലൊരാള്‍ വൈസ് ചെയര്‍മാനുമായാണ് ജില്ലാ പദ്ധതിക്ക് രൂപം നല്‍കുന്നത്.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ആസൂത്രണസമിതി അംഗം സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍ ജില്ലാപദ്ധതി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, ഷാനവാസ് പാദൂര്‍, പി സി സുബൈദ, പുഷ്പ അമേക്കള, ടി കെ സുമയ്യ, ഹര്‍ഷാദ് വൊര്‍ക്കാടി, ജില്ലാ പദ്ധതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍മാര്‍ ഉപസമിതി പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്തു.

KCN

more recommended stories