ഇത് സോളാര്‍ റിപ്പോര്‍ട്ടോ സരിത റിപ്പോര്‍ട്ടോ: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സര്‍ക്കാരിനും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷമുള്ള, കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ സുതാര്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വകുപ്പുകള്‍ പോലും കാര്യങ്ങള്‍ അറിഞ്ഞില്ല. ഒരു നടപടിയിലും ആശങ്കയില്ല. ഒന്നും മറച്ചുവയക്കാനുമില്ല. റിപ്പോര്‍ട്ട് നാലു ബുക്കുകളായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിട്ടിട്ടില്ല. അത് യാദൃശ്ചികമാണോ? റിപ്പോര്‍ട്ടില്‍ മറിമായം നടന്നിട്ടുണ്ടോ- അദ്ദേഹം ചോദിച്ചു.

ജയിലില്‍നിന്ന് സരിത എഴുതിയെന്ന് അവകാശപ്പെടുന്ന കത്ത് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. 21 പേജുള്ള കത്താണ് സരിത എഴുതിയിരിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് റസീപ്റ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്ത കത്തില്‍ 25 പേജാണുള്ളത്. റിപ്പോര്‍ട്ടില്‍ രണ്ടുതവണയാണ് കത്ത് ചേര്‍ത്തിട്ടുള്ളത്. ഇത് സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടാണോ അതോ സരിതാ റിപ്പോര്‍ട്ടാണോ- ഉമ്മന്‍ ചാണ്ടി ചോദിച്ചു.

അമ്പത് വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുണ്ട്. ആരോപണത്തില്‍ ഒരു ശതമാനം സത്യമുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും. ധൃതി പിടിച്ച നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്നോട്ടു വരേണ്ടി വന്നു. നിയമപരമായ നടപടിയെ താനോ യു ഡി എഫോ ഭയക്കുന്നില്ല.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാരാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ചിലതില്‍ ശിക്ഷ ലഭിക്കുകയും ചെയ്തു. കേസ് ഏറ്റവും നന്നായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലും പരാതിക്കാരി ആരോപണമുയര്‍ത്തിയിട്ടുണ്ട്.

അഴിമതി ആരോപണം ഒന്നു പോലും കമ്മീഷനു മുന്നില്‍ പരാതിക്കാരി പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ ഇക്കാര്യം പുറത്തു പറയാതിരുന്നത്. റിപ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നതില്‍ അതീവരഹസ്യ സ്വഭാവം പുലര്‍ത്തി. നിയമപരമായി വളരെ ഏറെ വീഴ്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്നാണ് മുഖ്യമന്ത്രി സഭയില്‍ വച്ചത്.

KCN

more recommended stories