സമാധാനം നിലനിര്‍ത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകം: ജില്ലാ പോലീസ് മേധാവി

കാസര്‍കോട്: ജനങ്ങള്‍ ഇന്നും പൂര്‍ണ്ണമായി വിശ്വസിക്കുന്നത് മാധ്യമപ്രവര്‍ത്തകരെയാണെന്നും ആ വിശ്വാസ്യത നിലനിര്‍ത്തുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ദേശീയ മാധ്യമദിനത്തോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ പ്രസ് ക്ലബ് ഹാളില്‍ നടത്തിയ നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഇല്ലാത്ത അവസ്ഥ ചിന്തിക്കുവാന്‍പോലും കഴിയില്ല. മാധ്യമപ്രവര്‍ത്തകരുടെ ധീരവും പക്വവുമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ശാന്തതയില്‍ നിലനിര്‍ത്തുവാന്‍ പലപ്പോഴും ഭരണകൂടങ്ങളെ സഹായിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന് സമൂഹം നല്‍കുന്ന സ്ഥാനം വലുതാണ്. വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യേണ്ടതാണ് മാധ്യമപ്രവര്‍ത്തനം. ഒരു വാര്‍ത്ത നല്‍കുമ്പോള്‍ വിശ്വാസ്യത നിലനിര്‍ത്തിയാകണം നല്‍കേണ്ടത്. മറ്റുള്ളവരെ കണ്ണുനീര്‍ കുടിപ്പിക്കുന്ന രീതിയിലാകരുത് മാധ്യമപ്രവര്‍ത്തനമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സമൂഹത്തിന് ഉള്‍ക്കാഴ്ച നല്‍കുവാന്‍ കഴിയുന്നതാകണം മാധ്യമപ്രവര്‍ത്തനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഡിഎം.എന്‍.ദേവീദാസ് പറഞ്ഞു. നിര്‍ഭയമാധ്യമപ്രവര്‍ത്തനത്തിന് ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ് പ്രസിഡന്റ് ക്ലബ് ടി.എ ഷാഫി മോഡറേറ്ററായിരുന്നു.പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് പായം, കെയുഡബ്ള്യുജെ, സംസ്ഥാനനിര്‍വ്വാഹകസമിതി അംഗം പി.സുരേശന്‍, വിനോയ് മാത്യു, സണ്ണി ജോസഫ്, രവി നായ്ക്കാപ്പ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories