ആ കുട്ടി ആരോഗ്യത്തോടെ തിരിച്ചുവരട്ടെ…” പ്രാര്‍ഥനയോടെ തമീം

കാസര്‍കോട്: ”ആ കുട്ടി നല്ല ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ…. ഞാന്‍ പ്രാര്‍ഥിക്കുന്നു…വേറൊന്നും പറയാനില്ല..” ജീവശ്വാസത്തിനുവേണ്ടി പിടഞ്ഞ കൈക്കുഞ്ഞിനെ ഏഴ് മണിക്കൂറിനകം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തിരുവന്തപുരത്തേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്‍ തമീമിന് (26) അഭിനന്ദനങ്ങളുടെയും പാരിതോഷികങ്ങളുടെയും പ്രവാഹമെത്തുമ്പോഴും വലിയൊരു ദൗത്യം നിറവേറ്റിയതിന്റെ അമിതാഹ്ലാദമില്ല. കടമ നിര്‍വഹിച്ചതിന്റെ ആത്മ സംതൃപ്തിയും പ്രാര്‍ഥനയും മാത്രം.”ഒരുപാട് പ്രാവശ്യം എറണാകുളത്തേക്കൊക്കെ രോഗികളുമായി പോയിട്ടുണ്ട്. പക്ഷേ, ഇത്രക്ക് ക്രിട്ടിക്കലായ കേസുമായി ഇത്ര സ്പീഡില്‍ പോകേണ്ട ആവശ്യം വന്നിട്ടില്ല. ഇതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമല്ല. ഞാനൊരു നിമിത്തം മാത്രം. അകമ്പടിയായി വന്ന പൊലീസ്, പുലര്‍ച്ചവരെ ഉറക്കമൊഴിച്ച് ദേശീയപാതയിലെ ഓരോ ജങ്ഷനിലും കാത്തുനിന്ന് വലിയ വാഹനങ്ങളെയൊക്കെ പിടിച്ചിട്ട് ആംബുലന്‍സിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയ നിരവധി സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, സാധാരണക്കാര്‍… ഇവര്‍ക്കൊക്കെയാണ് നന്ദി പറയേണ്ടത്…” ബദിയഡുക്കയിലെ സിറാജ്-അയിഷ ദമ്പതികളുടെ 31 ദിവസം പ്രായമുള്ള മകള്‍ ഫാത്തിമത്ത് ലൈബയെയാണ് ബുധനാഴ്ച രാത്രി അതിസാഹസികമായി തമീം തിരുവനന്തപുരത്തെത്തിച്ചത്.ഹൃദയ തകരാറുള്ള കുട്ടിയുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നതിനാല്‍ പരിയാരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സന്റെറില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ എട്ട് മണിക്കൂറാണ് സമയം അനുവദിച്ചത്. ഏഴു മണിക്കൂര്‍ യാത്രക്കിടയില്‍ ഡീസല്‍ നിറക്കാന്‍ 10 മിനിറ്റ് മാത്രമാണ് ആംബുലന്‍സ് നിര്‍ത്തേണ്ടിവന്നത്. ചെര്‍ക്കളയിലെ ജീവകാരുണ്യ സംഘടനയുടെ ആംബുലന്‍സിന്റെ ഡ്രൈവറായ തമീം, ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സ് ആവശ്യപ്പെട്ട് മാനേജര്‍ മുനീറിന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദൗത്യം ഏറ്റെടുത്തത്.തിരുവനന്തപുരത്തുനിന്നുള്ള മടക്കയാത്രയില്‍ വഴിനീളെ സ്വീകരണങ്ങളും അനുമോദനങ്ങളുമായിരുന്നു. വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയപ്പോഴും അഭിനന്ദനങ്ങളും പാരിതോഷികങ്ങളുമായി ഒരുപാടുപേര്‍ കാണാനെത്തി. പലരും നേരില്‍ കാണണമെന്നാവശ്യപ്പെട്ട് വിളിച്ചുകൊണ്ടിരിക്കുന്നു. കാസര്‍കോട് അടുക്കത്ത്ബയലിലെ പരേതനായ മുഹമ്മദിന്റെയും അസ്മയുടെയും മകനാണ് അബ്ദുല്‍ തമീം. ഡ്രൈവറായിരുന്ന പിതാവ് നേരത്തേ മരിച്ചു. കുറച്ചുകാലം ചെറിയ ചരക്ക് ലോറികളില്‍ ഡ്രൈവറായിരുന്നു. അഞ്ചുവര്‍ഷമായി ആംബുലന്‍സ് ഡ്രൈവറായി ജോലിചെയ്യുന്നു.

KCN

more recommended stories