2023 ഏകദിന ലോകകപ്പ് ഇന്ത്യയില്‍

മുംബൈ: 2011നു ശേഷം ക്രിക്കറ്റ് ലോകകപ്പ് വീണ്ടും ഇന്ത്യയില്‍ വിരുന്നെത്തുന്നു. 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വ്യക്തമാക്കി. 2021ലെ ചാംപ്യന്‍സ് ട്രോഫിക്കും രാജ്യം വേദിയാകും. മുന്‍പ് മൂന്നു തവണ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും രാജ്യം ഒറ്റയ്ക്ക് ലോകകപ്പിന് വേദിയൊരുക്കുന്നത് ഇതാദ്യമാണ്.

ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന 2019 ലോകകപ്പിനു ശേഷമാണ് ഇന്ത്യയിലേക്ക് ലോകകപ്പ് ക്രിക്കറ്റ് വിരുന്നെത്തുന്നത്. ഇന്നു ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗമാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. 1975ല്‍ ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചശേഷം രണ്ടു തവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാരും 2011ല്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ടീമുമാണ് ലോകകപ്പ് സ്വന്തമാക്കിയത്. ലോകകപ്പ് ക്രിക്കറ്റിന്റെ 13ാം പതിപ്പാണ് ഇന്ത്യയില്‍ നടക്കുക.

1987, 1996, 2011 വര്‍ഷങ്ങളിലാണ് മുന്‍പ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. 1987ല്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായാണ് ലോകകപ്പിന് വേദിയൊരുക്കിയത്. 1996ല്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമൊപ്പം ആതിഥേയരായി ശ്രീലങ്കയുമെത്തി. 2011ലാകട്ടെ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമൊപ്പം ബംഗ്ലദേശായിരുന്നു സംയുക്ത ആതിഥേയര്‍.

KCN

more recommended stories