തമിഴ്‌നാട്ടിലെ ദുരഭിമാന കൊല: ആറ് പേര്‍ക്ക് വധശിക്ഷ

ചെന്നൈ: ഉയര്‍ന്ന ജാതിയിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദലിത് യുവാവായ ശങ്കറിനെ പട്ടാപകല്‍ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ക്ക് വധശിക്ഷ. 2016 മാര്‍ച്ച് 13ന് ഉടുമല്‍പേട്ടിലെ ബസ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേവര്‍ ജാതിയില്‍ പെട്ട കൗസല്യയുമായി ദലിതനായ ശങ്കര്‍ പ്രണയത്തിലാവുകയും, ഇരുവരും കൗസല്യയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരാവുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ കൗസല്യയുടെ കുടുംബം ഗുണ്ടകളുടെ സഹായത്തോടെ ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഉദുമല്‍ പേട്ടയില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന ദമ്ബതികളെ പിന്തുടര്‍ന്നെത്തിയ വാടക ഗുണ്ടകള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശങ്കര്‍ മരിച്ചു. കൗസല്യക്ക് തലയില്‍ മാരക പരിക്ക് പറ്റുകയും ചെയ്തു.

കൗസല്യയുടെ പിതാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമം. ബസ്റ്റാന്‍ഡിലെ സി.സി ടിവി പകര്‍ത്തിയ അക്രമ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് ശങ്കറിനെ മൃഗീയമായി വെട്ടി വീഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭാര്യ കൗസല്യയെയും ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നുണ്ട്. കേസന്വേഷണത്തിന് ശേഷം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ കൗസല്യയുടെ രക്ഷിതാക്കളായ ചിന്നസാമി, അന്നലക്ഷ്മി എന്നിവരും അമ്മാവന്‍ പാണ്ടിദുരൈയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കൗസല്യയുടെ അമ്മയെ കോടതി വെറുതെ വിട്ടു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ കൗസല്യയുടെ പിതാവും ഉള്‍പ്പെടും.

KCN

more recommended stories