ടൂറിസം കേന്ദ്രമായ സാന്‍ബാങ്കിസിലേക്ക് അഞ്ച് കോടി ചെലവില്‍ ആധുനിക റോഡ്

വടകര : മലബാറിലെ പ്രമുഖ ടൂറിസം കേന്ദ്രമായ സാന്‍ബാങ്കിസിലേക്കുള്ള റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. അഞ്ച് കോടി ചെലവിലാണ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. ഒന്നരയടിയോളം റോഡ് ഉയര്‍ത്തിയും ഒമ്ബത് മീറ്ററായി വീതി കൂട്ടിയുമാണ് നവീകരണം പുരോഗമിക്കുന്നത്. നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വടകര പഴയ ദേശീയപാത മുതല്‍ ഒന്തം ഓവര്‍ബ്രിഡ്ജ് വഴി സാന്‍ബാങ്ക്‌സിലേക്കുള്ള 3.87 കിലോമീറ്റര്‍ റോഡ് ആണ് ഇപ്പോള്‍ റീ ടാര്‍ ചെയ്യുന്നത്. റോഡിലെ രണ്ട് കലുങ്കുകള്‍ പൊളിച്ചുമാറ്റിയത് പുതിയതായി നിര്‍മ്മിക്കുന്നുണ്ട്. വലിയവളപ്പിലെ പാലം പൊളിച്ചു മാറ്റി പുതിയത് നിര്‍മ്മിക്കും. അപകടാവസ്ഥയിലായ പാലം മാറ്റി നിര്‍മ്മിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമായിരുന്നു.

റോഡ് നവീകരണത്തിന്റെ ഭാഗമായി പി.ഡബ്ലു.ഡി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാന്‍ബാങ്ക്‌സിലേക്കുള്ള വാഹനങ്ങള്‍ ഒന്തം ഓവര്‍ ബ്രിഡ്ജ് ഇറങ്ങി മനാര്‍മുക്ക് വഴി പാണ്ടികശാല വളപ്പ് റോഡ് വഴി പുറങ്കര-അഴിത്തല സാന്‍ബാങ്ക്‌സിലേക്കും സാന്‍ബാങ്ക്‌സില്‍ നിന്നും വടകരയിലേക്കുള്ള വാഹനങ്ങള്‍ പാക്കയില്‍ റോഡ്-മുനിസിപ്പല്‍ ഓഫീസ് വഴി ഒന്തം ഓവര്‍ ബ്രിഡ്ജിലെത്തണമെന്നുമാണ് നിര്‍ദേശം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സാന്‍ബാങ്ക്‌സ് റോഡ് നവീകരണത്തിന് അഞ്ച് കോടി രൂപ ഫണ്ട് അനുവദിച്ചത്. പ്രവൃത്തിയുടെ ഭരണാനുമതി ലഭിച്ചത് പ്രകാരമാണ് ഇപ്പോള്‍ പ്രവൃത്തി തുടങ്ങിയത്.

KCN

more recommended stories