മുഖ്യമന്ത്രിയുടെ ട്രോള്‍ പങ്കുവച്ചു; സര്‍ക്കാര്‍ ജീവനക്കാരന് സസ്പന്‍ഷന്‍

കാഞ്ഞങ്ങാട്: കാലില്‍ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു വയലില്‍ ഞാറു നട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ട്രോള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച സര്‍ക്കാര്‍ ജീവനക്കാരന് ഒരു വര്‍ഷത്തിനുശേഷം സസ്‌പെന്‍ഷന്‍. കാസര്‍കോട് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പി.ജയരാജനെയാണു സസ്‌പെന്‍ഡ് ചെയ്തത്.

നോട്ടു നിരോധന സമയത്ത് മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന ട്രോളും ഇദ്ദേഹം പങ്കുവച്ചതായി ഉത്തരവിലുണ്ട്. 2016 ഡിസംബറിലാണു സംഭവം. കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റര്‍ ആയിരിക്കെ, മറ്റാരോ പോസ്റ്റ് ചെയ്ത ട്രോളുകളാണ് ജയരാജന്‍ പങ്കുവച്ചത്. ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ വെള്ളിയാഴ്ച സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയെയും ധനരകാര്യ മന്ത്രിയെയും നവമാധ്യമങ്ങളിലൂടെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഉത്തരവില്‍ പറയുന്നത്.

രാഷ്ട്രീയ വൈരാഗ്യമാണ് നടപടിക്കു പിന്നിലെന്നു ജയരാജന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് മുന്‍ പ്രസിഡന്റാണ് ഇദ്ദേഹം. പയ്യന്നൂര്‍ വെള്ളോറ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരന്‍ സാജേഷിനെ 2010ല്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കേസില്‍ കാര്യമായ അന്വേഷണം നടത്താത്തതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ജയരാജന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള വിരോധമാണ് സസ്‌പെന്‍ഷനു പിന്നിലെന്നു ജയരാജന്‍ ആരോപിക്കുന്നു.

KCN

more recommended stories