ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബര്‍ 21ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 4ന് ഫലപ്രഖ്യാപനവും നടക്കും. ശക്തമായ പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷം യോഗമോ മാര്‍ച്ചോ റാലിയോ സംഘടിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ നിരോധനം നിലനില്‍ക്കും. അണ്ണാ ഡിഎംകെയുടെ ഇ.മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി.ദിനകരന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.

അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമാണ്. ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതിനായി ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍ ആര്‍കെ നഗറില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

KCN

more recommended stories