ബോണക്കാട് കുരിശുമല വിഷയം: വിതുരയില്‍ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

വിതുര: ബോണക്കാട് വിഷയത്തില്‍ വിതുരയില്‍ സംഘര്‍ഷം. വിശ്വാസികളും പോലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്ക്. വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. കല്ലേറില്‍ കെ.എസ്.ആ.ടി.സി ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറിലും ലാത്തി ചാര്‍ജ്ജിലും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ ബോണക്കാട് വന മേഖലയില്‍ വിശ്വാസികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് വിതുരയില്‍ നടന്നത്. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളെ പോലീസ് തടഞ്ഞിരുന്നു.

മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ വനത്തിലേക്ക് കയറാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിശ്വാസികളെ തടഞ്ഞു. ഇതോടെ വിശ്വാസികള്‍ പോലീസിനെതിരെ തിരിയുകയായിരുന്നു. ബാരിക്കേഡും വനം വകുപ്പിന്റെ ചെക്‌പോസ്റ്റും തകര്‍ത്ത വിശ്വാസികള്‍ പോലീസിനെതിരെ കല്ലെറിഞ്ഞു. സംഘര്‍ഷം കനത്തതോടെ വിശ്വാസികള്‍ക്കെതിരെ പോലീസ് ലാത്തി വീശി. ഇതേ തുടര്‍ന്ന് നെടുമങ്ങാട് തഹസില്‍ദാരും രൂപതാ അധികൃതരും തമ്മില്‍ സമവായ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ 15 പേരെ കുരിശുമലയിലേക്ക് കടത്തി വിടാമെന്ന് തഹസില്‍ദാര്‍ അറിയിച്ചെങ്കിലും മുഴുവന്‍ വിശ്വാസികളേയും പ്രവേശിപ്പിക്കണമെന്നായിരുന്ന രൂപതയുടെ നിലപാട്. തുടര്‍ന്ന് സമരം വിതുരയിലേക്ക് മാറ്റാന്‍ വിശ്വാസികള്‍ തീരുമാനമെടുത്തിരുന്നു.

ബോണക്കാട് കുരിശുമലയില്‍ 60 വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശ് ചിലര്‍ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇങ്ങോട്ടുള്ള സന്ദര്‍ശനവും വിലക്കിയിരുന്നു.

KCN

more recommended stories