ജിഷ്ണുപ്രണോയിയുടെ ദുരൂഹമരണത്തിന് ഒരു വയസ്സ്

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷാ ഹാളില്‍ നിന്നും കോപ്പിയടിച്ചെന്ന് ആരോപിച്ച് എക്‌സാമിനര്‍ കൂട്ടിക്കൊണ്ടുപോയ ജിഷ്ണുവിനെ പിന്നീട് സഹപാഠികള്‍ കണ്ടത് തൂങ്ങിനില്‍ക്കുന്ന നിലയിലാണ്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്‌ള. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണമുണ്ടായി. ദിവസങ്ങള്‍ പിന്നിട്ടതോടെ ഈ ആരോപണം ശക്തിപ്പെട്ടു. നെഹ്‌റു കോളേജിനകത്തെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകള്‍ക്കിടയാക്കുകയും കേരളമൊട്ടാകെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

എസ്എഫ്ഐ പാമ്പാടി നെഹ്‌റു കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും കോളേജ് അടിച്ചുതകര്‍ക്കപ്പെടുകയും ചെയ്തു. ഇതോടെ കോളജ് അനിശ്ചിത കാലത്തേക്കു അടച്ചു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുവജനപ്രസ്ഥാനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കി. തുടര്‍ന്ന് ജില്‌ള കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ജിഷ്ണുവിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ തീരുമാനമായത്. എന്നാല്‍ നെഹ്‌റു കോളേജ് അധികൃതര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാന്‍ മടിച്ചതോടെ ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും സമര രംഗത്തിറങ്ങി. ഡിജിപിയെ കാണാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെത്തിയ ഇവരെ പൊലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത് വന്‍പ്രതിഷേധത്തിനിടയാക്കുകയും സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയും ചെയ്തു.

തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്‌ളെന്നായിരുന്നു സിബിഐയുടെ മറുപടി. പിന്നീട് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വെളളിയാഴ്ച പാന്പാടി നെഹ്‌റു കോളേജില്‍ എസ്എഫ്ഐ സംഘടിപ്പിച്ച ജിഷ്ണു പ്രണോയ് അനുസ്മരണത്തില്‍ ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പങ്കെടുത്തു. ഇന്ന് ജിഷ്ണുവിന്റെ ജന്മനാടായ വടകരയില്‍ സിപിഎമ്മിന്റെ നേതൃത്വത്തല്‍ അനുസ്മരണ പരിപാടികള്‍ നടന്നു.

KCN