ചെമ്പരിക്ക ബീച്ചില്‍ കടലോര സംവാദം

ചെമ്പരിക്ക: കടലിനും പുഴയ്ക്കുമിടയില്‍ തെങ്ങിന്‍ തോപ്പില്‍ കടല്‍ കഥകള്‍ പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും സംഗമിച്ചപ്പോള്‍ കടലിന്റെ എണ്ണമറ്റ അത്ഭുതകഥകള്‍ക്ക് അത് വേദിയായി. സാമൂഹ്യ വനംവകുപ്പും കാസര്‍കോട് പ്രസ്‌ക്ലബ്ബും ചെമ്പരിക്കയിലെ നാഷണല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും ചേര്‍ന്നാണ് ചെമ്പരിക്ക ബീച്ചിനോട് ചേര്‍ന്നുള്ള തെങ്ങിന്‍തോപ്പില്‍ കടലോര സംവാദം ഒരുക്കിയത്. ഭൂമിയോട് കാണിക്കുന്ന ക്രൂരതയുടെ എത്രയോ മടങ്ങാണ് കടലിനോട് മനുഷ്യര്‍ കാണിക്കുന്നതെന്നും കടല്‍ സമ്പത്ത് പരമാവധി ചൂഷണം ചെയ്യുന്ന മനുഷ്യവര്‍ഗം കടലിനെ മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായാണ് കാണുന്നതെന്നും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. ചെമ്പരിക്കയുടെ ഇഷ്ടവിഭവങ്ങളിലൊന്നായ കല്ലുമ്മക്കായയും ചര്‍ച്ചാവിഷയമായി. കടലിനോട് അനുകമ്പ കാണിക്കണമെന്നും തീരങ്ങളെ കണ്‍കുളിര്‍മ്മയുള്ള കാഴ്ചകളായി നിലനിര്‍ത്താന്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തണമെന്നും സംവാദം അഭിപ്രായപ്പെട്ടു.

ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.സാമൂഹ്യ വനംവകുപ്പ് കാസര്‍കോട് ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ പി. ബിജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം താഹിറ താജുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ റഹ്മത്ത് അഷ്റഫ്, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി, കുടുംബശ്രീ മുന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ മജീദ് ചെമ്പരിക്ക സംസാരിച്ചു. നാസ്‌ക് പ്രസിഡന്റ് ഷബീര്‍ ബി.കെ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന സംവാദത്തിന് സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്‍ നേതൃത്വം നല്‍കി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം, അബ്ദുല്‍ മജീദ് ചെമ്പരിക്ക, ദാസന്‍ കീഴൂര്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ജോഷില്‍ എം മോഡറേറ്ററായിരുന്നു.

KCN

more recommended stories