സുപ്രീം കോടതിയിലെ പ്രതിസന്ധി: പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട ശ്രമം

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്രകടനം നടത്തിയ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്. ഇന്നലെ അറ്റോര്‍ണി ജനറല്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടന്നിരുന്നു. ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിയമ മന്ത്രി ഇന്ന് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വിഷയത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് സുപ്രീം കോടതി അഭിഭാഷകരുടെ യോഗം ഇന്ന് ഉച്ചയ്ക്കു ശേഷം ചേരുന്നുണ്ട്. ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ നടത്തിയത് അസാധാരണ നടപടിയാണെന്ന് അഭിഭാഷകര്‍ക്കിടയിലും അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ യോഗം ചേരുന്നത്. യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്. വിരമിച്ച ജഡ്ജിമാരും അഭിഭാഷകരും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിന് എതിരായ നാലു ജഡ്ജിമാരുടെ നീക്കത്തെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്. നാലു ജഡ്ജിമാരെയും ഇംപീച്ച് ചെയ്യാനുള്ള നടപടി പാര്‍ലമെന്റില്‍ കൈക്കൊള്ളണമെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആര്‍.എസ് സോധി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിലും സുപ്രീം കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സുപ്രീം കോടതിയിലുണ്ടായ പ്രത്യേക സാഹചര്യം കോടതിയ്ക്കുള്ളില്‍തന്നെ പരിഹരിക്കണമെന്ന് ഒരു വിഭാഗം ജഡ്ജിമാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഫുള്‍ കോര്‍ട്ട് വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ദീപക് മിശ്ര ക്രമവിരുദ്ധമായി ഇടപെടല്‍ നടത്തുകയും പ്രധാനപ്പെട്ട കേസുകള്‍ പലതും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലേയ്ക്ക് കൈമാറിയെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന പ്രധാന ആരോപണം. ആധാര്‍ കേസ് അടക്കമുള്ള കേസുകള്‍ പ്രത്യേകമായി രൂപീകരിച്ച ബെഞ്ചുകള്‍ക്ക് കൈമാറുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

KCN

more recommended stories