മൃതദേഹം വെട്ടിമുറിച്ചതല്ല: കത്തിച്ച ശേഷം കൈകാലുകള്‍ അടര്‍ത്തിമാറ്റിയതാണ്: ജിത്തു ജോബിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ നിഗമനം. മൃതദേഹം കത്തിച്ച ശേഷം കൈകാലുകള്‍ അടര്‍ത്തിമാറ്റിയതാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പതിനാലുകാരനായ ജിത്തു ജോബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

രണ്ടു ദിവസം മുമ്പ് വീട്ടില്‍നിന്നു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. പുരയിടത്തില്‍ തന്നെയുള്ള കുളിപ്പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ വെട്ടിമാറ്റപ്പെട്ട്, കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഷാള്‍ കൊണ്ടു കഴുത്തുഞെരിച്ചുകൊന്നെന്നും പിന്നീട് കത്തെച്ചെന്നുമാണ് ഇവര്‍ പറഞ്ഞത്. മൃതദേഹം വെട്ടിനുറുക്കിയിട്ടില്ലെന്ന് ജയമോള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

അതേസമയം കുട്ടിയെ കാണാതായിയ കഴിഞ്ഞ ദിവസങ്ങളില്‍ അരിച്ചുപെറുക്കി പരിശോധിച്ചിട്ടും പുരയിടത്തില്‍നിന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല. ഇന്നലെ വൈകിട്ട് കുളിപ്പുരയില്‍ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജയമോള്‍ പറയുന്നത് പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

KCN

more recommended stories