പാറ്റൂര്‍ ഭൂമി ഇടപാട്: എഫ്.ഐ.ആര്‍ ഹൈകോടതി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. കേസിലെ എഫ്.ഐ.ആറും വിജിലന്‍സ് അന്വേഷണവും ഹൈകോടതി റദ്ദാക്കി. വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി. പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈകോടതി വിലയിരുത്തി. കേരളാ വാട്ടര്‍ അതോറിറ്റി മുന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ സോമശേഖരന്‍ നായര്‍, മധു, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ടി.എസ് അശോക് എന്നീ അഞ്ചു പേരായിരുന്നു കേസിലെ പ്രതികള്‍. ഹൈകോടതി വിധിയിലൂടെ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ ഇല്ലാതായി. തിരുവനന്തപുരത്ത് പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസിലെ ആരോപണം. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണ് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേല്‍ ഹൈകോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെ വിമര്‍ശിക്കുകയും ചെയ്തു.

KCN

more recommended stories