പ്ലസ്ടു ഉത്തരക്കടലാസുകള്‍ കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കൂട്ടിയിട്ട നിലയില്‍ |

കാഞ്ഞങ്ങാട് : ബുധനാഴ്ച ആരംഭിച്ച പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഇന്നലെ രാവിലെ ഉത്തരക്കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ കൂട്ടിയിട്ട നിലയില്‍ കണ്ടത്. തപാല്‍ വകുപ്പിന്റെ ചാക്കുകളില്‍ കെട്ടിയിട്ട നിലയിലായിരുന്നു.

വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു തപാല്‍ മുഖേന മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയച്ച ഉത്തരക്കടലാസുകളാണിവ. തപാല്‍ ഓഫിസുകളില്‍ നിന്നു റെയില്‍വേ മെയില്‍ സര്‍വീസ് വഴിയാണ് ഉത്തരക്കടലാസുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന ഉത്തരക്കടലാസുകള്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണു കൊണ്ടുപോകുന്നത്.
അതേസമയം തപാല്‍ മുഖേന അയയ്ക്കുന്ന ഉത്തരക്കടലാസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനു മറ്റൊന്നും ചെയ്യാനില്ലെന്നാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മറുപടി.
തപാല്‍ വകുപ്പിന്റെ തന്നെ ചാക്കുകളിലായതിനാല്‍ ഭയക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണഗതിയില്‍ സര്‍വകലാശാലകള്‍ അവരുടെ ഉത്തരക്കടലാസുകളും ചോദ്യപേപ്പറുകളും കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാടു ചെയ്യാറാണു പതിവ്. അതുപോലെ വിദ്യാഭ്യാസ വകുപ്പും ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാന്‍ പോസ്റ്റല്‍ വകുപ്പിനു പകരം സ്വന്തം സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാണ്

KCN

more recommended stories