ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഉദുമ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഉദുമ: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഉദുമ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദുമ പടിഞ്ഞാറിലെ മുഹമ്മദ് (29) നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ജഡ്ജ് രാജ വിജയ രാഘവന്‍ തള്ളിക്കളഞ്ഞത്. നാലാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ അഞ്ചു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ് മുഹമ്മദിനെതിരെയുള്ള കേസ്.

ബേക്കല്‍ സി ഐ വിശ്വംഭരനാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്നും ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഗള്‍ഫിലുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിന് പോലീസ് ശ്രമം നടത്തിവരുന്നതിനിടയിലാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

പെണ്‍കുട്ടി സ്‌കൂളില്‍ പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുകയും മാനസിക പ്രയാസം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അധ്യാപിക നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. സംഭവം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറുടെ അടുത്തെത്തിക്കുകയും ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയില്‍ നിന്നും വിശദമായി മൊഴിയെടുത്ത് ബേക്കല്‍ പോലീസിന് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഗള്‍ഫുകാരനെതിരെ പോലീസ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ മാതാവിനെ സ്വാധീനിച്ച് കേസ് രേഖകളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന്‍ പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു.

KCN

more recommended stories