കാറ്റില്‍ ദേലംപാടി, പള്ളഞ്ചി, കാട്ടിപ്പാറ മേഖലകളില്‍ കനത്തനാശം

അഡൂര്‍ : കാത്തിരുന്നു കിട്ടിയ വേനല്‍മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി, കാട്ടിപ്പാറ മേഖലകളില്‍ കനത്തനാശം. കാര്‍ഷികവിളകള്‍ വ്യാപകമായി ഒടിഞ്ഞുവീഴുകയും മരങ്ങള്‍ വീണു റോഡ് തടസ്സപ്പെടുകയും ചെയ്തു. വൈദ്യുത കമ്പികള്‍ക്കു മുകളില്‍ മരങ്ങള്‍ വീണു പൊട്ടിയതിനെ തുടര്‍ന്നു മുളിയാര്‍, കാറഡുക്ക, ദേലംപാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും ഇരുട്ടിലാണ്.
ബേത്തൂര്‍പാറ – പള്ളഞ്ചി – പാണ്ടി റോഡിലെ പരപ്പയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത കമ്പിക്കു മുകളില്‍ മരം വീണു തൂണുകള്‍ തകരുകയും കമ്പി പൊട്ടുകയും ചെയ്തു. കാട്ടിപ്പാറ- തീര്‍ഥക്കര റോഡിലെ കാട്ടിപ്പാറയിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കാട്ടിപ്പാറ തളിയടുക്കത്തെ ടി.മൊയ്തുവിന്റെ 15 കമുകുകളും 10 വാഴകളും കാറ്റില്‍ തകര്‍ന്നു. കാട്ടിപ്പാറയിലെ കാര്‍ത്യായനി അമ്മയുടെ 25ല്‍പരം കുലയ്ക്കാറായ വാഴകള്‍ നശിച്ചു.

കാട്ടിപ്പാറയിലെ കുട്ടിക്കൃഷ്ണന്‍, ടി.കെ.മുഹമ്മദ്, മൊയ്തീന്‍കുഞ്ഞി, ടി.എം.ലത്തീഫ്, ലിംഗപ്പന്‍, രത്‌നാവതി എന്നിവരുടെ തോട്ടങ്ങളിലും വ്യാപകനാശങ്ങളുണ്ടായി. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി അബ്ദുല്ലക്കുഞ്ഞിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ആസ്‌ബെസ്റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ നിലംപൊത്തി. ബെള്ളൂര്‍ പള്ളപ്പാടി-നെട്ടണിഗെ റോഡില്‍ നൂബയ്ക്കു സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണു കെഎസ്ഇബിക്കും കനത്തനഷ്ടമാണ് സംഭവിച്ചത്. നഷ്ടങ്ങള്‍ ഇനിയും കൂടുമെന്നാണ് സൂചന.

KCN

more recommended stories