ഇന്ത്യ -വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : എതിര്‍പ്പുകളും രോഷവും ഫലം കണ്ടതോടെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് എകദിനം തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബിലേക്കു മാറ്റി. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ)യാണ് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയത്. മല്‍സരക്രമം നിശ്ചയിക്കാന്‍ കലൂര്‍ സ്റ്റേഡിയം ഉടമകളായ ജിസിഡിഎ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)ന്റെയും ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും പ്രതിനിധികളുടെ യോഗം നടക്കാനിരിക്കുന്നതിനിടെയാണു തീരുമാനം.

കലൂര്‍ സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് പിച്ച് നിര്‍മിക്കുന്നതിനായി ഫുട്‌ബോള്‍ മൈതാനം കുത്തിക്കുഴിക്കുന്നതിനെതിരെ ഫുട്‌ബോള്‍ പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറും ശശി തരൂര്‍ എംപിയുമടക്കമുള്ളവര്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്‌ബോള്‍ കൊച്ചിയിലും നടക്കട്ടെയെന്ന നിലപാടാണു സച്ചിന്‍ ഇന്നലെ പങ്കുവച്ചത്. കെസിഎയുടെ നിലപാട് സംശയാസ്പദമെന്നായിരുന്നു ശശി തരൂരിന്റെ നിലപാട്. ക്രിക്കറ്റ്, ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്താതെ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ബിസിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇരുവര്‍ക്കും ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ തീരുമാനം.

അതേസമയം, കലൂരില്‍ ക്രിക്കറ്റ് നടത്തണമെന്നു വാശിയില്ലെന്നു കെസിഎ അറിയിച്ചു. വിവാദത്തിലൂടെ മല്‍സരങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. ബ്ലാസ്റ്റേഴ്‌സുമായി തര്‍ക്കങ്ങള്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്താണു കൊച്ചിയില്‍ ഏകദിന മല്‍സരം നടത്തണമെന്ന് കെസിഎ ആഗ്രഹിച്ചത്. ഐഎസ്എല്‍ ആദ്യ സീസണിലും സമാനമായ സാഹചര്യത്തില്‍ ക്രിക്കറ്റിനുശേഷം മൈതാനം ഒരുക്കി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കെസിഎ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തവണ ഐഎസ്എല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഏകദിനം നടത്തുന്നത് എളുപ്പമാണെന്നായിരുന്നു കെസിഎയുടെ വിലയിരുത്തല്‍. ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും ഐഎസ്എല്‍ മല്‍സരക്രമത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷ(കെഎഫ്എ)നുള്ളത്. കലൂര്‍ സ്റ്റേഡിയത്തില്‍ പുതിയ പിച്ച് നിര്‍മിക്കാതെ ക്രിക്കറ്റ് കളിക്കാനാവില്ല. പിച്ച് നിര്‍മാണം അനുവദിക്കാത്ത സ്ഥിതി വന്നാല്‍ 30 വര്‍ഷത്തെ പാട്ടത്തിനായി ധാരണാപത്രം ഒപ്പിട്ടു സ്റ്റേഡിയത്തില്‍ നടത്തിയ പത്തുകോടിയോളം രൂപയുടെ നിക്ഷേപം പാഴാകുമെന്ന ആശങ്കയും കെസിഎ പങ്കുവയ്ക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂമും സി.കെ. വിനീതും റിനോ ആന്റോയും ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു

KCN

more recommended stories