പ്രിന്‍സിപ്പലിന് ‘ആദരാഞ്ജലി’ പോസ്റ്റര്‍: എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

കാസര്‍കോട്: പടന്നക്കാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന് യാത്രയയപ്പ് നല്‍കിയ ചടങ്ങിനിടെ ‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ സി.പി.എം വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്കെതിരെ വന്‍ പ്രതിഷേധം. ശനിയാഴ്ച്ച രാവിലെ സംഭവം നടന്ന നെഹ്‌റു കോളജിലേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐക്കെതിരെ പ്രതീകാത്മകമായി ശവമഞ്ചമേറ്റി നേരത്തെ പ്രകടനം നടത്തിയിരുന്നു.

വിഷയം ചര്‍ച്ച ചെയ്യാന്‍ നെഹ്‌റു കോളജ് മാനേജ്‌മെന്റ് ഉച്ചക്ക് ശേഷം അടിയന്തര യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രിന്‍സിപ്പല്‍ ഡോ. പി.വി. പുഷ്പജയോട് മാനേജ്‌മെന്റ് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തിയാകും മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കുക. കോളജിലെ ആദ്യ വനിതാ പ്രിന്‍സിപ്പലിനെതിരായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

‘ആദരാഞ്ജലി’ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച് അവഹേളിച്ചതിന് പിന്നില്‍ എസ്.എഫ്.ഐ ആണെന്ന് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പജ വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് പോസ്റ്ററിലേക്ക് നയിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ അധ്യാപകരുടെ കൈവശമുണ്ടെന്നും കോളജ് മാനേജ്‌മെന്റുമായി ആലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

33 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന വനിതാ പ്രിന്‍സിപ്പലിന് കോളജില്‍ യാത്രയയപ്പ് നല്‍കിയ ചടങ്ങിനിടെ കോളജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പതിച്ചു. ‘വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, കാമ്ബസ് സ്വതന്ത്രമാകുന്നു, നെഹ്‌റുവിന് ശാപ മോക്ഷം’ എന്നായിരുന്നു പോസ്റ്ററിലെ പരാമര്‍ശം.

ചുമതലയേറ്റത് മുതല്‍ പല വിഷയങ്ങളിലും എസ്.എഫ്.ഐ കോളജ് യൂണിറ്റും പ്രിന്‍സിപ്പലുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഹാജര്‍ അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ പ്രിന്‍സിപ്പലുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പലപ്പോഴും ഉപരോധത്തില്‍ എത്തുകയും ചെയ്തിരുന്നു.

യു.ഡി.എഫ് അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്നു ഡോ. പുഷ്പജ. 2016ല്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ. പുഷ്പജ, മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ പരീക്ഷക്ക് മുമ്ബു യാത്രയയപ്പ് നല്‍കുകയായിരുന്നു.

KCN

more recommended stories