ശ്രീജിത്തിന്റെ കസ്റ്റഡി മരണം: നാല് പൊലീസുകാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐയും എസ്ഐയും അടക്കം നാല് പൊലീസുകാര്‍ക്ക് കൂടി സസ്പെന്‍ഷന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ സബ് ഇന്‍സ്പെക്ടര്‍ ദീപക്, ഗ്രേഡ് എസ്ഐ സുധീര്‍, വരാപ്പുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഓ സന്തോഷ് ബേബി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.

വരാപ്പുഴയിലെ എസ്ആര്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വഷിക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിള്ള അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐയും എസ്ഐയും ഉള്‍പ്പെടെയുള്ളവരെ സസ്പെന്റ് ചെയ്തത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍ നിന്ന് വിവരം തേടവേ, ഐജി ശ്രീജിത്ത് സിഐയും എസ്ഐയും അടക്കമുള്ളവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് വന്നത്.

നേരത്തെ, ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ മൂന്ന് പൊലീസുകാരെ ചൊവ്വാഴ്ച വൈകുന്നേരം സസ്പെന്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ ഏഴായി.

ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മഫ്തിയിലെത്തി ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് ചൊവ്വാഴ്ച സസ്പെന്റ് ചെയ്തത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്ന് പൊസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയാണ് മൂന്ന് പൊലീസുകാരെ പ്രാഥമിക നടപടിയെന്ന നിലയില്‍ സസ്പെന്റ് ചെയ്യുന്നതായി അറിയിച്ചത്. അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ക്രൈബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിയോഗിച്ചത്. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിഐയും എസ്ഐയും ഗ്രേഡ് എസ്ഐയും അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സസ്പെന്റ് ചെയ്തത്.

അതേസമയം, കസ്റ്റഡിമരണത്തില്‍ എസ്ഐ ദീപക് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കേസ് ഫയല്‍ ചെയ്തേക്കുമെന്നും സൂചനകളുണ്ട്. കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഇതിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ വ്യാഴാഴ്ച അയല്‍വഴക്കുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് പിടികൂടിയ വരാപ്പുഴ ദേവസ്വംപാടം കുളമ്ബുകണ്ടം സ്വദേശി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെതുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്ന ആശുപത്രിയിലെ റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.

വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം ചിട്ടിത്തറ വീട്ടില്‍ വാസുദേവന്‍ (54) വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ കഴിഞ്ഞ ബുധനാഴ്ച ജീവനൊടുക്കിയിരുന്നു. മത്സ്യതൊഴിലാളിയായ വാസുദേവന്റെ അനുജന്‍ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്റെ മകന്‍ വിനീഷും കൂടി സുമേഷിന്റെ വീട്ടില്‍ ചെന്നു. ഈ സമയത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നു നടന്ന അടിപിടിയില്‍ സുമേഷിന്റെ കൈയ്ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.

പിന്നീട് ഉച്ചയോടെ സുമേഷും സുഹൃത്തുക്കളും ചേര്‍ന്ന് വാസുദേവന്റെ വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ത്തു. എതിര്‍ക്കാന്‍ ശ്രമിച്ച വാസുദേവന്റെ ഭാര്യ സീതയേയും മക്കളെയും അക്രമികള്‍ മര്‍ദിച്ചതായി പൊലീസ് പറഞ്ഞിരുന്നു. അക്രമികള്‍ പോയശേഷം വിനീഷും സീതയും ചേര്‍ന്ന് വരാപ്പുഴ പോലീസില്‍ പരാതി നല്‍കാന്‍പോയ സമയത്താണ് വാസുദേവന്‍ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ചത്. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

KCN

more recommended stories