വേനല്‍മഴയും ചുഴലിക്കാറ്റും; ജില്ലയില്‍ കനത്ത നാശം

കാസര്‍കോട് :ഇന്നലെ രാത്രിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷി നാശം. മരങ്ങള്‍ കടപഴകി വീണു, വൈദ്യുതി ലൈനുകളും വീടുകളും തകര്‍ന്നു. വൈദ്യുതി വിതരണം താറുമാറായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാഞ്ഞിരത്തുങ്കാല്‍, മുന്നാട്, അരിച്ചെപ്പ്, പെര്‍ളടുക്കം ഭാഗങ്ങളില്‍ വ്യാപകമായി വാഴകള്‍ നശിച്ചു. റബ്ബര്‍, തെങ്ങ്, കവുങ്ങുകള്‍ കടപുഴകി. പൊയ്നാച്ചി-ബന്തടുക്ക റൂട്ടില്‍ മരം കടപുഴകി വീണ് നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.ബസുകള്‍ അടക്കം റോഡുകളില്‍ കുടുങ്ങി.

പുല്ലൂര്‍-പെരിയ, കോടോം ബേളൂര്‍, പനത്തടി, കള്ളാര്‍,മടിക്കൈ പഞ്ചായത്തുകളിലും വ്യാപകമായ കൃഷിനാശം ഉണ്ടായി. പെരിയ, ആയംമ്പാറ, ഉരുളംകോടി, പണമ്മല്‍, നവോദയ നഗര്‍, കപ്പണക്കാല്‍, കുണ്ടൂര്‍ ഭാഗങ്ങളില്‍ നൂറുകണക്കിനു നേന്ത്രവാഴകള്‍ നിലംപൊത്തി. ആയംപാറ, കുണ്ടൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കു മുകളിലേയ്ക്ക് മരങ്ങള്‍ കടപുഴകി വീണു. കുണിയയില്‍ തെങ്ങുകള്‍ കടപുഴകി വീണു. കപ്പണക്കാലിലെ മലബാര്‍ പീനേര്‍സ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ തകര്‍ന്നു. കെട്ടിടത്തിന്റെ മേല്‍ ക്കൂരയും തകര്‍ന്നു വീണു.
അതേസമയം കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ കാറ്റിന്റെ സാന്നിധ്യമുള്ളതിനാല്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും തീരദേശത്ത് ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം.

KCN

more recommended stories